ന്യൂഡല്‍ഹി: ടെലികോം ഉപയോക്താക്കളുടെ അനുമതിയില്ലാതെ വാണിജ്യപരമായ എസ്.എം.എസ്.സുകളും കോളുകളും അയക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ പുതിയ ഡിജിറ്റല്‍ സംവിധാനം വരുന്നു. വ്യക്തികളില്‍ നിന്ന് സ്ഥാപനങ്ങള്‍ ഓണ്‍ലൈനായി അനുമതി തേടുന്നതിനുള്ള ഏകീകൃത പ്ലാറ്റ്‌ഫോം ആയ ഡിജിറ്റല്‍ കണ്‍സന്റ് അക്വിസിഷന്‍ പ്ലാറ്റ്‌ഫോം (DCAP) ഉടന്‍ യാഥാര്‍ത്ഥ്യമാകും. പരസ്യ കോളുകളും എസ്.എം.എസുകളും നിയന്ത്രിക്കാനാണ് പുതിയ സംവിധാനം. ഉപയോക്താവിന് താല്‍പ്പര്യമുള്ള സ്ഥാപനങ്ങളുടെ പരസ്യ വിളികളും എസ്.എം.എസുകളും സ്വീകരിക്കാമോ എന്ന് ഈ പ്ലാറ്റ്‌ഫോം വഴി തീരുമാനിക്കാം. ഉപയോക്താവ് അനുമതി നല്‍കുന്ന സ്ഥാപനങ്ങള്‍ക്ക് മാത്രമേ ഭാവിയില്‍ എസ്.എം.എസ്. അയക്കാനോ വിളിക്കാനോ കഴിയൂ. നിലവില്‍ പരസ്യ എസ്.എം.എസ്. അല്ലെങ്കില്‍ കോളുകള്‍ ലഭിക്കാതിരിക്കാന്‍ ഉപയോക്താവ് ‘ഡു നോട്ട് ഡിസ്റ്റര്‍ബ്’ (DND) ഓപ്ഷന്‍ ഉപയോഗിക്കണമായിരുന്നു. എന്നാല്‍ ഏതെങ്കിലുമൊരു സ്ഥാപനത്തിന് നല്‍കിയ അനുമതി പിന്നീട് നീക്കം ചെയ്യാനുള്ള സൗകര്യവും ഈ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ ഉണ്ടാകും. ഇതിലൂടെ വാണിജ്യ ആശയവിനിമയം നടത്തുന്ന എല്ലാ സ്ഥാപനങ്ങളെയും ഏകീകൃത ഡിജിറ്റല്‍ സംവിധാനത്തില്‍ കൊണ്ടുവരാനാണ് നീക്കം.
പ്ലാറ്റ്‌ഫോം സജ്ജമാകുമ്പോള്‍ കമ്പനികള്‍ 127xxx എന്ന ഫോര്‍മാറ്റിലുള്ള നമ്പറില്‍ നിന്ന് അനുമതി തേടി സന്ദേശം അയയ്ക്കണം. അനുമതി തേടിയുള്ള സന്ദേശം നിരാകരിക്കുകയോ പ്രതികരിക്കാതിരിക്കുകയോ ചെയ്താല്‍ അടുത്ത 90 ദിവസത്തേക്ക് മെസേജ് അയയ്ക്കാന്‍ കഴിയില്ല. അനുമതി തേടിയുള്ള എസ്.എം.എസ്.സുകള്‍ സ്വീകരിക്കാന്‍ താല്‍പര്യമില്ലെങ്കില്‍ അത് നിര്‍ത്താനുള്ള സംവിധാനവുമുണ്ടാകും. ഇതിനോടകം 11 ബാങ്കുകളുമായി ചേര്‍ന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി (TRAI) പൈലറ്റ് പദ്ധതിയും ആരംഭിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്ട്ര, കനറാ ബാങ്ക്, കോട്ടക് മഹീന്ദ്ര, ഇന്‍ഡസ് ഇന്‍ഡ്, ഐസിഐസിഐ, എച്ച്ഡിഎഫ്‌സി, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്ക് എന്നിവയാണ് പൈലറ്റ് പദ്ധതിയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഡിസിഎ യാഥാര്‍ത്ഥ്യമാകുന്നതിനു മുന്‍പ് പേപ്പര്‍ ഫോം വഴിയും മറ്റും പല കാലങ്ങളിലായി പൊതുജനങ്ങളില്‍ നിന്ന് തേടിയ അനുമതികളും ഈ പ്ലാറ്റ്‌ഫോമില്‍ സ്ഥാപനങ്ങള്‍ ഡിജിറ്റലായി അപ്ലോഡ് ചെയ്യണം. ബാങ്കുകള്‍ ഈ പ്രക്രിയ നടത്തിക്കൊണ്ടിരിക്കുകയാണ്.
ഇതുവരെ ഡിജിറ്റൈസ് ചെയ്യപ്പെട്ടവര്‍ക്ക് 127000 എന്ന നമ്പറില്‍ നിന്ന് എസ്.എം.എസ്. ലഭിക്കും. ഡിസിഎ പേജിലേക്ക് പോകാനുള്ള ലിങ്കും എസ്.എം.എസിലുണ്ടാകും. റജിസ്‌റ്റേഡ് നമ്പറുമായി ബന്ധപ്പെട്ട് ബാങ്കുകള്‍ക്ക് നല്‍കിയ അനുമതി അതില്‍ കാണാനും, മാറ്റം വരുത്താനും അവസരമുണ്ട്. ഇതിനായി വ്യക്തി വിവരങ്ങള്‍ നല്‍കേണ്ടതില്ല. കൂടാതെ ഡിസിഎ നടപ്പാക്കിക്കഴിഞ്ഞാല്‍ മറ്റൊരു മാര്‍ഗം വഴിയും കമ്പനികള്‍ ഉപയോക്താവില്‍ നിന്ന് തേടുന്ന അനുമതിക്ക് സാധുതയുണ്ടാകില്ല.

