തേഡ്പാര്‍ട്ടി ചാറ്റ്‌സ് ഫീച്ചറുമായി വാട്‌സ്ആപ്പ്

തേഡ്പാര്‍ട്ടി ചാറ്റ്‌സ് ഫീച്ചറുമായി വാട്‌സ്ആപ്പ്

വാട്‌സ്ആപ്പില്‍ നിന്ന് മറ്റ് പ്ലാറ്റ്‌ഫോമുകളിലേക്ക് നേരിട്ട് മെസേജുകളും വീഡിയോകളും ഓഡിയോകളും ഡോക്യുമെന്റുകളും അയക്കാനും സ്വീകരിക്കാനും കഴിയുന്ന ക്രോസ് മെസേജിംഗ് ഫീച്ചറായ ‘തേഡ്പാര്‍ട്ടി ചാറ്റ്‌സ്’ വാട്‌സ്ആപ്പിലേക്കും വരുന്നു. യൂറോപ്പിലാണ് ആദ്യ തേഡ്പാര്‍ട്ടി ചാറ്റ്‌സ് ഫീച്ചര്‍ മെറ്റ വാട്‌സ്ആപ്പില്‍ അവതരിപ്പിക്കുന്നതെങ്കിലും പിന്നീട് മറ്റ് രാജ്യങ്ങളിലും അവതരിക്കും എന്നാണ് പ്രതീക്ഷ. വാട്‌സ്ആപ്പിന്റെ ആന്‍ഡ്രോയ്ഡ് 2.25.33.8 ബീറ്റ വേര്‍ഷനില്‍ തേഡ്പാര്‍ട്ടി ചാറ്റ്‌സ് ഫീച്ചര്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

യൂറോപ്യന്‍ യൂണിയന്റെ ഡിജിറ്റല്‍ മാര്‍ക്കറ്റ്‌സ് ആക്ട് (ഡിഎംഎ) പ്രകാരമാണ് തേഡ്പാര്‍ട്ടി ചാറ്റ് ആപ്പുകളെ പിന്തുണയ്ക്കുന്ന ഫീച്ചര്‍ വാട്‌സ്ആപ്പ് അവതരിപ്പിക്കുന്നത്. വിപണിയില്‍ ന്യായമായ മത്സരം വളര്‍ത്തുന്നതിനായി മൂന്നാം കക്ഷികള്‍ക്ക് ടെക് ഭീമന്‍മാര്‍ അവരുടെ സേവനങ്ങള്‍ തുറന്നുകൊടുക്കാന്‍ യൂറോപ്യന്‍ യൂണിയന്റെ ഈ നിയമം നിര്‍ബന്ധിക്കുന്നു. മെറ്റ അടക്കമുള്ള വമ്പന്‍മാര്‍ക്ക് യൂറോപ്പില്‍ പ്രവര്‍ത്തനം തുടരണമെങ്കില്‍ ഇത്തരം മാറ്റങ്ങള്‍ക്ക് വിധേയമായേ പറ്റൂ. മെറ്റ തേഡ്പാര്‍ട്ടി ചാറ്റ്‌സ് ഫീച്ചറിന്റെ പണിപ്പുരയിലാണ് എന്ന വാര്‍ത്ത ഏറെ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. എന്നാല്‍ ഇക്കാര്യത്തിന് ഒരു സ്ഥിരീകരണം വന്നത് വാട്‌സ്ആപ്പ് അപ്‌ഡേറ്റുകള്‍ കൃത്യമായി പിന്തുടരുന്ന വാബീറ്റ ഇന്‍ഫോ സ്ഥിരീകരിച്ചതോടെയാണ്. വാട്‌സ്ആപ്പിന്റെ ആന്‍ഡ്രോയ്ഡ് 2.25.33.8 ബീറ്റ അപ്‌ഡേറ്റ് ലഭ്യമായ ഉപഭോക്താക്കള്‍ക്ക് മറ്റ് പ്ലാറ്റ്‌ഫോമുകളിലുള്ളവരുമായി വാട്‌സ്ആപ്പ് വഴി സന്ദേശങ്ങള്‍ കൈമാറാം. വാട്‌സ്ആപ്പില്‍ പ്രവേശിച്ച് സെറ്റിംഗ്‌സ് അക്കൗണ്ട് തേഡ് പാര്‍ട്ടി ചാറ്റ്‌സ് എന്ന ഓപ്ഷന്‍ വഴിയാണ് ഈ ഫീച്ചര്‍ ഉപയോഗിക്കേണ്ടത്.

administrator

Related Articles