തന്നെ വളര്ത്തിയത് മലയാള സിനിമ പ്രേക്ഷകര് ആണെന്നും അതുകൊണ്ട് തന്നെ വിമര്ശിക്കാനുള്ള എല്ലാ അവകാശവും അവര്ക്കുണ്ടെന്നും പൃഥ്വിരാജ്. തന്റെ പുതിയ സിനിമയായ വിലായത്ത് ബുദ്ധയുടെ ട്രെയ്ലര് ലോഞ്ചിനിടെയായിരുന്നു പൃഥ്വിയുടെ പ്രതികരണം. ജി.ആര്. ഇന്ദുഗോപന്റെ നോവലിനെ ആസ്പദമാക്കി ജയന് നമ്പ്യാര് സംവിധാനം ചെയ്യുന്ന ‘വിലായത്ത് ബുദ്ധ’ നവംബര് 21 നാണ് തിയേറ്ററുകളില് എത്തുന്നത്.
‘എന്നെ വളര്ത്തിയത് നിങ്ങളാണ്, എന്നെ വിമര്ശിക്കാനുള്ള എല്ലാ അവകാശവും നിങ്ങള്ക്കുണ്ട്. ഇന്ന് ഞാന് ഈ ട്രെയ്ലര് ലോഞ്ചിനായി വരുമ്പോള് ഇവിടെ ഈ പ്രേക്ഷകര് കൂടിയിരിക്കുന്നത് എന്നിലുള്ള സ്നേഹവും പ്രതീക്ഷയും കൊണ്ടാണ്. അപ്പോള് എന്നെ വിമര്ശിക്കാനുള്ള എല്ലാ അവകാശവും നിങ്ങള്ക്കുണ്ട്. ഞാന് മോശമായാല് മോശമാണെന്ന് പറയാനും, എന്നിലെ തെറ്റുകുറ്റങ്ങള് ചൂണ്ടിക്കാണിക്കാനും ഏറ്റവും കൂടുതല് അവകാശമുള്ളത് എന്നെ വളര്ത്തിയ മലയാള സിനിമാപ്രേക്ഷകര്ക്ക് തന്നെയാണ്. ഞാന് എല്ലാ ബഹുമാനത്തോടെയും അത് സ്വീകരിക്കുന്നു. 100 ശതമാനം പരിശ്രമത്തില് താഴെ ഞാന് ഒരിക്കലും ഒരു സിനിമയെ സമീപിക്കില്ല. എന്റെ പരിമിതമായ കഴിവുകള് 100 ശതമാനം നല്കി വേണം എല്ലാ സിനിമയും ചെയ്യാന് എന്ന ആഗ്രഹം എനിക്കുണ്ട്.’ പൃഥ്വി പറഞ്ഞു.
ജി. ആര് ഇന്ദുഗോപന്റെ പ്രശസ്ത നോവലായ ‘വിലായത്ത് ബുദ്ധ’ അതേ പേരില് തന്നെയാണ് ജയന് നമ്പ്യാരുടെ സംവിധാനത്തില് സിനിമയായി പ്രേക്ഷകരിലേക്ക് എത്തുന്നത്. പ്രിയംവദ കൃഷ്ണയാണ് ചിത്രത്തിലെ നായിക.

