രാജ്യത്തുടനീളം സൈബര്‍ കുറ്റകൃത്യങ്ങള്‍ അനിയന്ത്രിതമായി വര്‍ധിച്ചുവരികയാണ്. സൈബര്‍ കുറ്റവാളികള്‍ പണം തട്ടാന്‍ നൂതന മാര്‍ഗങ്ങള്‍ തേടുകയാണ്. അതില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ പണം തട്ടാനായി ഉപയോഗിക്കുന്ന മാര്‍ഗമായി എഐ വോയ്‌സ് ക്ലോണിംഗ് മാറിക്കഴിഞ്ഞു. എന്താണ് വോയ്‌സ് ക്ലോണിംഗ് എന്താണ് എന്നത് നമ്മളില്‍ പലര്‍ക്കും അറിയില്ല. അതുകൊണ്ടു തന്നെ ഇത്തരം കെണികളില്‍ നാം ചെന്നുചാടാനുള്ള സാധ്യതകളും കൂടുതലാണ്. അതിനാല്‍ ഇത്തരം കാര്യങ്ങള്‍ എന്നതാണ് എന്ന് അറഞ്ഞിരിക്കല്‍ വളരെ പ്രധാനമാണ്.
എന്താണ് വോയ്‌സ് ക്ലോണിംഗ്?
മൂന്നോ നാലോ സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഓഡിയോ ഇന്‍പുട്ട് ഉപയോഗിച്ച്, വോയ്‌സ് ക്ലോണിംഗ് സാങ്കേതികവിദ്യയ്ക്ക് ആരുടെയും ശബ്ദം പുനഃസൃഷ്ടിക്കാന്‍ സാധിക്കുമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. കഴിഞ്ഞ വര്‍ഷം വന്ന റിപോര്‍ട്ടുകള്‍ പ്രകാരം അടിസ്ഥാനപരമായ എഐ പരിജ്ഞാനം കൊണ്ട് തന്നെ നമുക്ക് ഒറിജിനലുമായി 85 ശതമാനം ശബ്ദ പൊരുത്തമുള്ള ഒരു ക്ലോണ്‍ നിര്‍മ്മിക്കുന്നതിന് സാധിക്കും. മാത്രമല്ല ഭാവിയില്‍ കുറച്ചുകൂടി ഒറിജിനലിനെ വെല്ലുന്ന എ ഐ ക്ലോണുകള്‍ എളുപ്പത്തില്‍ സൃഷ്ടിക്കാന്‍ സാധിക്കുകയും ചെയ്യും. അതുകൊണ്ട് തന്നെ ഇരകളെ കബളിപ്പിക്കാന്‍ തട്ടിപ്പുകാര്‍ വ്യാപകമായി ഈ സംവിധാനം ഉപയോഗപ്പെടുത്തുന്നു എന്നാണ് കണ്ടെത്തല്‍. തട്ടിപ്പിനിരയാകുന്നവരെ ആധികാരിക സ്വഭാവത്തോടെ വിദഗ്ദമായി കബളിക്കാനും ഈ തട്ടിപ്പുസംഘങ്ങള്‍ക്ക് സാധിക്കുന്നു.
എന്നാല്‍ എ ഐ വോയ്‌സ് ക്ലോണിംഗിലൂടെ വഞ്ചിക്കപ്പെടുന്നത് തടയാന്‍ നമുക്ക് ചില കാര്യങ്ങള്‍ ചെയ്യാനാകും. അതില്‍ പ്രധാനപ്പെട്ടതാണ് സ്മാര്‍ട്ട്‌ഫോണില്‍ എപ്പോഴും കോളര്‍ ഐഡി ഫീച്ചര്‍ പ്രവര്‍ത്തനക്ഷമമാക്കുക എന്നത്. ആരാണ് വിളിക്കുന്നതെന്നും അവരുടെ ലൊക്കേഷനെക്കുറിച്ചും കോളര്‍ ഐഡി ഫീച്ചര്‍ നിങ്ങളെ അറിയിക്കും. കൂടാതെ, കോള്‍ ടെലിമാര്‍ക്കറ്ററില്‍ നിന്നാണോ അതോ ഒരു ഫ്രോഡ് കോളാണോ എന്നൊക്കെ നമുക്ക് കണ്ടെത്താന്‍ ഇതിലൂടെ സാധിക്കും. മറ്റൊരു കാര്യം കോള്‍ ബ്ലോക്കിംഗ് സൗകര്യം പ്രയോജനപ്പെടുത്തുക എന്നതാണ്. നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണുകളിലെ കോള്‍-ബ്ലോക്കിംഗ് സവിശേഷത ഇത്തരത്തില്‍ എന്തെങ്കിലും സംശയം തോന്നുകയാണെങ്കില്‍ ഉപയോഗപ്പെടുത്താവുന്നതാണ്. മറ്റൊരു കാര്യം നിങ്ങളുടെ ഫോണ്‍ നമ്പര്‍, ഇമെയില്‍ ഐഡി എന്നിവയുള്‍പ്പെടെയുള്ള സെന്‍സിറ്റീവ് വിവരങ്ങള്‍ പങ്കിടുന്നത് ഒഴിവാക്കുക എന്നതാണ്.

