ബ്രോഡ്കാസ്റ്റ് ഡിജിറ്റല്‍ കേബിള്‍ എക്‌സ്ബിഷൻ മെഗാ കേബിള്‍ ഫെസ്റ്റിൽ നടന്ന മാധ്യമ സെമിനാറിൽ വ്യത്യസ്ഥ മാധ്യമ നിലപാടുകൾ മാറ്റുരച്ചു. ‘ഇല്ലാതാകുന്നുവോ, സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം?’ എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ കേരളവിഷന്‍ ന്യൂസ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ എം.എസ്. ബനേഷ് മോഡറേറ്ററായി. എന്താണ് ഫാക്ട് എന്ന് മനസ്സിലാക്കാന്‍ കഴിയാത്ത ഒരു കാലത്താണ് നമ്മള്‍ ജീവിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജനാധിപത്യം എപ്പോയൊക്കെ ശക്തമായിട്ടുണ്ടോ അപ്പോഴൊക്കെ മാധ്യമങ്ങള്‍ ശക്തമായിട്ടുണ്ടെന്നും ഫോര്‍ത്ത് എസ്‌റ്റേറ്റ് എപ്പോഴൊക്കെ ശക്തമായിട്ടുണ്ടോ അപ്പോയൊക്കെ ജനാധിപത്യം ശക്തമായിട്ടുണ്ടെന്നുമുള്ള അഭിപ്രായം ശരിയല്ലെന്നും, കഴിഞ്ഞ കുറേ വര്‍ഷങ്ങളായി വിവിധ ഭരണകൂടങ്ങള്‍ക്കെതിരെയുള്ള കണ്ടന്റുകള്‍ ആരെയും കാണിക്കാതിരിക്കാന്‍ മെറ്റ അടക്കമുള്ള പ്ലാറ്റ്‌ഫോമുകള്‍ ഇടപെടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മനോരമ ന്യൂസ് സീനീയര്‍ ന്യൂസ് എഡിറ്റര്‍ ഷാനി പ്രഭാകരന്‍, മാതൃഭൂമി ന്യൂസ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ രാജീവ് ദേവരാജ്, ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് എഡിറ്റര്‍ അളകനന്ദ, റിപ്പോര്‍ട്ടര്‍ ടിവി കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ സുജയ പാര്‍വ്വതി, എഴുത്തുകാരി പ്രൊഫ. സുജ സൂസന്‍ ജോര്‍ജ്, സീ ന്യൂസ് ലൈവ് സിഇഒ ലിസി.കെ.ഫര്‍ണാണ്ടസ് എന്നിവര്‍ സെമിനാറില്‍ പങ്കെടുത്തു.
സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം തന്നെയാണ് വേണ്ടതെന്നും എന്നാല്‍ നമ്മളുടെ സമൂഹം യഥാര്‍ഥത്തില്‍ അത് ആഗ്രഹിക്കുന്നുണ്ടോയെന്നും സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം എന്നതിനേക്കാള്‍ ഒരു സ്ഥാപനം നിലനിന്നു പോകാന്‍ കഴിയുന്ന സാഹചര്യം ഇവിടെയുണ്ടോയെന്നും മാതൃഭൂമി ന്യൂസ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ രാജീവ് ദേവരാജ് ചോദിച്ചു. സെന്‍സിറ്റീവ് കണ്ടന്റുകള്‍ കൊടുത്താല്‍ അതിന് പിന്നാലെ പോകുന്നവരാണ് നമ്മുടെ സമൂഹമെന്നും ക്വാളിറ്റി കണ്ടന്റുകള്‍ കൊടുത്താല്‍ അതിനെ സ്വീകരിക്കുന്ന സമൂഹം ഇന്ന് ഉണ്ടോയെന്നും അദ്ദേഹം വിമര്‍ശിച്ചു. ടെലിവിഷന്‍ ചാനലുകള്‍ പലവിധ പ്രയാസങ്ങൾ നേരിടുന്നുണ്ട്. അതിനിടയില്‍ മുന്നോട്ടു പോകുക എന്നതാണ് വളരെ പ്രധാനമെന്നും ഭരണകൂടമോ അല്ലെങ്കില്‍ അവരുടെ താല്‍പ്പര്യമോ അതുമല്ലെങ്കില്‍ നിയമങ്ങളുടെ താല്‍പ്പര്യമോ മാത്രമല്ല സ്വതന്ത്ര മാധ്യമങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കടിഞ്ഞാണ്‍ ഇടുന്നതെന്നും കൂട്ടിച്ചേര്‍ത്തു.
ജനാധിപത്യം ശക്തമായാലേ മാധ്യമപ്രവര്‍ത്തനം നന്നാകൂ എന്ന് തനിക്ക് അഭിപ്രായമില്ലെന്നും അടിയന്തരാവസ്ഥകാലത്ത് ഒരുപാട് ശക്തരായ മാധ്യമപ്രവര്‍ത്തകരുണ്ടായിട്ടുണ്ടെന്നും സെമിനാറില്‍ സംസാരിച്ച് ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് എഡിറ്റര്‍ അളകനന്ദ പറഞ്ഞു. മാധ്യമപ്രവര്‍ത്തകര്‍ക്ക് നിഷ്പക്ഷത ഒരു അളവ് വരേയുണ്ടാകൂ. മാധ്യമങ്ങൾക്ക് ശരിയുടെ പക്ഷം പിടിക്കേണ്ടി വരും. ഫേക്ക് ന്യൂസ്, ഹേറ്റ് സ്പീച്ച്, മിസ്സ് ഇന്‍ഫര്‍മേഷന്‍, ഡിസ്സ് ഇന്‍ഫര്‍മേഷന്‍ എന്നതിന്റെ ഇടമാണ് സോഷ്യല്‍ മീഡിയയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ജനാധിപത്യത്തിന്റെയും പൗരസമൂഹത്തിന്റെയും മധ്യവര്‍ത്തികളായി നില്‍ക്കാന്‍ മാധ്യമങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും കഴിയേണ്ടതുണ്ടെന്ന് സെമിനാറില്‍ സംസാരിച്ച് എഴുത്തുകാരി പ്രൊഫ. സുജ സൂസന്‍ ജോര്‍ജ് പറഞ്ഞു.

മാധ്യമസ്വതന്ത്രത്തെ കുറിച്ച് തനിക്ക് ഒരു ഉത്കണ്ഠയുമില്ലെന്നും താന്‍ മാധ്യമ പ്രവര്‍ത്തനം തുടങ്ങിയ കാലം മുതല്‍ കേള്‍ക്കുന്നതാണ് ഇക്കാര്യമെന്നും സെമിനാറില്‍ സംസാരിച്ച മനോരമ ന്യൂസ് സീനീയര്‍ ന്യൂസ് എഡിറ്റര്‍ ഷാനി പ്രഭാകരന്‍ പറഞ്ഞു. മാധ്യമങ്ങളെ കുറിച്ച് വേവാലാതിപ്പെടുന്ന പോലെ ജനാധിപത്യത്തെ കുറിച്ച് വേവലാതിപ്പെടേണ്ട സമയമായെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

വാർത്തകൾ സെലക്ട് ചെയ്യുന്നതില്‍ അഭിരുചിക്ക് വലിയ പ്രാധാന്യമുണ്ടന്നും നവമാധ്യമങ്ങളിലൂടെ വരുന്ന മുഴുവന്‍ വാര്‍ത്തകളും സത്യമാകണമെന്നില്ലെന്നും സെമിനാറില്‍ സംസാരിച്ച് റിപ്പോര്‍ട്ടര്‍ ടിവി കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ സുജയ പാര്‍വ്വതി പറഞ്ഞു.

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പ്രവാസി മലയാളികള്‍ക്കായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വ്യത്യസ്തങ്ങളായ വാര്‍ത്തകളും മറ്റു അപ്‌ഡേറ്റുകളുമായി സത്യസന്ധമായി പ്രവര്‍ത്തിക്കുന്നവരാണ് തങ്ങളെന്നും മാധ്യമ രംഗത്ത് വനിതാ മാധ്യമ പ്രവര്‍ത്തകര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ നിസ്തുലമാണെന്നും സീ ന്യൂസ് ലൈവ് സിഇഒ ലിസി.കെ.ഫര്‍ണാണ്ടസ് സെമിനാറില്‍ സംസാരിക്കവേ പറഞ്ഞു.

മാധ്യമ സെമിനാറില്‍ സിഡ്‌കോ പ്രസിഡന്റ് കെ. വിജയകൃഷ്ണന്‍ സ്വാഗതവും കേരളവിഷന്‍ ന്യൂസ് മാനേജിംഗ് ഡയറക്ടര്‍ പ്രിജേഷ് അച്ചാണ്ടി നന്ദിയും പറഞ്ഞു.



