ഇനി മുതല്‍ നമ്മുടെ ഫോണുകളിലേക്കെത്തുന്ന കോളുകളുടെ നമ്പറുകള്‍ക്കൊപ്പം പേരുകളും പ്രത്യക്ഷപ്പെടും. കോളര്‍ ഐഡി സംവിധാനം ലഭ്യമാക്കുന്നതിനായി ടെലിക്കോം വകുപ്പ് നല്കിയ നിര്‍ദ്ദേശത്തിന് ട്രായ് അംഗീകാരം നല്കി. കോളര്‍ നെയിം പ്രസന്റേഷന് (സിഎന്‍എപി) എന്ന് പേരിട്ടിരിക്കുന്ന ഈ സേവനം അടുത്ത വര്‍ഷം മാര്‍ച്ച് മാസത്തോടെ രാജ്യത്ത് നടപ്പാക്കാന്‍ ടെലികോം സേവനദാതാക്കള്‍ക്ക് അറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഫീച്ചര്‍ നിലവില്‍ വരുന്നതോടെ പരിചയമില്ലാത്ത നമ്പറുകളുടെ ഒപ്പം പേരുകളും തെളിഞ്ഞ് വരും. ട്രൂ കോളര്‍ പോലുള്ള തേര്‍ഡ് പാര്‍ട്ടി ആപ്പുകളാണ് നമ്മള് ഇപ്പോള്‍ പേരുകള്‍ കണ്ടെത്താനായി ഉപയോഗിക്കുന്നത്. എന്നാല്‍ പുതിയ സേവനം നിലവില്‍ വരുന്നതോടെ അപരിചതമായ നമ്പറുകള്‍ അറ്റന്‍ഡ് ചെയ്യണോ വേണ്ടയോ എന്ന് എളുപ്പത്തില്‍ തീരുമാനിക്കാനാകും. സ്പാം കോളുകള്‍, സാമ്പത്തിക തട്ടിപ്പുകള്‍, സൈബര്‍ കുറ്റകൃത്യങ്ങള്‍ എന്നിവ തടയാനും ഇത് ഗുണം ചെയ്യും. ഫീച്ചര്‍ ആവശ്യമില്ലാത്തവര്‍ക്ക് അത് ഒഴിവാക്കാനുള്ള സംവിധാനവും ഉണ്ടാകും.
സിം എടുക്കുമ്പോള്‍ നല്കിയ കെവൈസി രേഖകളിലെ സര്‍ക്കാര്‍ അംഗീകരിച്ച പേരുകളായിരിക്കും സ്ക്രീനില്‍ തെളിഞ്ഞുവരുക. അതിനാല്‍ തേര്‍ഡ് പാര്‍ട്ടി അപ്പുകളിലെപോലെ സ്വന്തം ഇഷ്ട്ടപ്രകാരമുള്ള പേരുകള്‍ നല്‍കാനാവില്ല.

