വര്‍ക്ക് പെര്‍മിറ്റ് അപേക്ഷകള്‍ പരിശോധിക്കുന്നതിന് നിര്‍മ്മിത ബുദ്ധിയുമായി യുഎഇ

വര്‍ക്ക് പെര്‍മിറ്റ് അപേക്ഷകള്‍ പരിശോധിക്കുന്നതിന് നിര്‍മ്മിത ബുദ്ധിയുമായി യുഎഇ

യുഎഇയുടെ തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ടുള്ള ഒരു വിപ്ലവകരമായ സംഗതിയാണിപ്പോള്‍ ടെക്ക് ലോകത്തെ പ്രധാന വാര്‍ത്തകളിലൊന്ന്. വര്‍ക്ക് പെര്‍മിറ്റ് അപേക്ഷകള്‍ പരിശോധിക്കുന്നതിനായി നിര്‍മ്മിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള നൂതന സംവിധാനം നിലവില്‍ വന്നു എന്നതാണത്. മനുഷ്യന്റെ ഇടപെടല്‍ കുറച്ചുകൊണ്ട്, അപേക്ഷാ നടപടിക്രമങ്ങള്‍ കാര്യക്ഷമമാക്കുകയാണ് മാനവ വിഭവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയം ആരംഭിച്ച ‘ഐ’ എന്ന് പേരിട്ട ഈ സംവിധാനം ലക്ഷ്യമിടുന്നത്. അപേക്ഷയ്‌ക്കൊപ്പം നല്‍കിയ പാസ്‌പോര്‍ട്ട്, ഫോട്ടോ, സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ ആധികാരികത നിര്‍മിത ബുദ്ധി പരിശോധിച്ച് ഉറപ്പാക്കും.

വര്‍ക്ക് പെര്‍മിറ്റ് അപേക്ഷാ പ്രക്രിയ പൂര്‍ണ്ണമായും ഓട്ടോമേറ്റ് ചെയ്യുന്നതിനായി MoHRE വികസിപ്പിച്ചെടുത്ത ഒരു അഡ്വാന്‍സ്ഡ് എഐ ഏജന്റ് ആണ് ‘ഐ’. മാനവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയമാണ് ‘ഐ’ എന്നു പേരിട്ട എഐ സംവിധാനം ജൈറ്റക്‌സില്‍ പുറത്തിറക്കിയത്. യുഎഇയില്‍ വിവിധ വിഭാഗങ്ങളിലായി നല്‍കുന്ന 13 തരം വര്‍ക്ക് പെര്‍മിറ്റുകളുടെ മേല്‍നോട്ടം എഐയ്ക്ക് ആയിരിക്കും. സാധുവായ വര്‍ക്ക് പെര്‍മിറ്റില്ലാതെ യുഎഇയില്‍ ജോലി ചെയ്യുന്നത് നിയമവിരുദ്ധമാണ്. അനുമതി എടുക്കാതെ തൊഴിലാളിയെ റിക്രൂട്ട് ചെയ്യാനോ നിയമിക്കാനോ പാടില്ല. കുറഞ്ഞത് 6 മാസ കാലാവധിയെങ്കിലും ഉള്ള പാസ്‌പോര്‍ട്ട്, നിശ്ചിത വലുപ്പത്തിലുള്ള ഫോട്ടോ, എന്‍ട്രി പെര്‍മിറ്റ്, തൊഴില്‍ കരാറിന്റെ പകര്‍പ്പ്, സാക്ഷ്യപ്പെടുത്തിയ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍, കമ്പനി ട്രേഡ് ലൈസന്‍സ്, എസ്റ്റാബ്ലിഷ്‌മെന്റ് കാര്‍ഡ് തുടങ്ങിയവ അപേക്ഷയ്‌ക്കൊപ്പം സമര്‍പ്പിച്ചിട്ടുണ്ടോ എന്നത് നിമിഷ നേരംകൊണ്ട് നിര്‍മിത ബുദ്ധി പരിശോധിച്ച് ഉറപ്പാക്കി എന്‍ട്രി പെര്‍മിറ്റ് ഇഷ്യൂ ചെയ്യും.

administrator

Related Articles