2025 ഓഗസ്റ്റ് മാസത്തെ ടെലികോം കമ്പനികളുടെ വരിക്കാരുടെ കണക്കുകള്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പുറത്തുവിട്ടു. ഈ റിപ്പോര്‍ട്ട് പ്രകാരം, വിപണിയില്‍ ജിയോയും എയര്‍ടെല്ലും അവരുടെ ആധിപത്യം നിലനിര്‍ത്തുമ്പോള്‍ വോഡഫോണ്‍-ഐഡിയ കടുത്ത പ്രതിസന്ധിയിലാണ്.
ഓഗസ്റ്റ് മാസത്തില്‍ ജിയോ, എയര്‍ടെല്‍, ബിഎസ്എന്‍എല്‍ എന്നീ കമ്പനികള്‍ പുതിയ വയര്‍ലെസ് ഉപയോക്താക്കളെ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ വി.ഐ.യും എം.ടി.എന്‍.എല്ലും ഉപഭോക്തൃ നഷ്ടം നേരിട്ടു. വളരെക്കാലത്തിനുശേഷം എയര്‍ടെല്ലിനെക്കാള്‍ കൂടുതല്‍ പുതിയ വയര്‍ലെസ് ഉപയോക്താക്കളെ ചേര്‍ത്ത് ബിഎസ്എന്‍എല്‍ എന്നതാണ് റിപ്പോര്‍ട്ടില്‍ ഏറെ ശ്രദ്ധേയമായ കാര്യം. 4ജി സേവനങ്ങള്‍ കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിച്ചതാണ് ബിഎസ്എന്‍എല്ലിന് ഈ നേട്ടമുണ്ടാക്കാന്‍ സഹായിച്ചതെന്നാണ് റിപ്പോര്‍ട്ട്.
ഓഗസ്റ്റ് മാസത്തിലെ ട്രായ് റിപ്പോര്‍ട്ട് പ്രകാരം മൊബൈല്‍ വരിക്കാരുടെ എണ്ണത്തില്‍ റിലയന്‍സ് ജിയോ വീണ്ടും മുന്നിലെത്തി. ജിയോ ഏകദേശം 1.94 ദശലക്ഷം പുതിയ ഉപയോക്താക്കളെ ചേര്‍ത്ത് വിപണി വിഹിതം 41.08% ആയി ഉയര്‍ത്തി. എന്നാല്‍, ഈ മാസം ഏറ്റവും ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചത് ബി.എസ്.എന്‍.എല്‍. ആണ്. 1.38 ദശലക്ഷം പുതിയ വരിക്കാരെ ചേര്‍ത്തുകൊണ്ട്, 0.49 ദശലക്ഷം ഉപയോക്താക്കളെ മാത്രം ചേര്‍ത്ത എയര്‍ടെല്ലിനെ വളര്‍ച്ചാ നിരക്കില്‍ ബിഎസ്എന്‍എല്‍ മറികടന്നു.
അതേസമയം, വോഡഫോണ്‍ ഐഡിയയ്ക്ക് 308,984 ഉപയോക്താക്കളെയും എംടിഎന്‍എല്ലിന് 2,051 ഉപയോക്താക്കളെയും നഷ്ടപ്പെട്ടു. മൊത്തത്തില്‍, രാജ്യത്തെ മൊബൈല്‍ വരിക്കാരുടെ എണ്ണം 1167.03 ദശലക്ഷമായി വര്‍ധിച്ചു. ട്രായ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത ഫിക്സഡ് വയര്‍ലെസ് ആക്സസ് ഡാറ്റയിലും ജിയോ ആധിപത്യം പുലര്‍ത്തി. 5ജി FWA ഉപയോക്താക്കളുടെ എണ്ണം 8.90 ദശലക്ഷമായി വര്‍ധിച്ചു. ഇതില്‍ 6.76 ദശലക്ഷവും ജിയോയുടെ വരിക്കാരാണ്.

