ഇന്ത്യന്‍ ടെക് കമ്പനിയായ സോഹോ നിര്‍മിച്ച മെസേജിംഗ് ആപ്പായ അറട്ടൈയില്‍ ഒരു പ്രധാന അപ്ഡേറ്റ് പ്രഖ്യാപിച്ചിരിക്കുകയാണിപ്പോള്‍. എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ സവിശേഷതകള്‍ അറട്ടൈ ആപ്പിലും ഉടന്‍ പുറത്തിറക്കുമെന്നതാണ് അപ്‌ഡേറ്റ്. ഇക്കാര്യം കമ്പനി സിഇഒ മണി വെമ്പുവാണ് ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയത്. നിലവില്‍ അറട്ടൈ ആപ്പില്‍ ‘പേഴ്സണല്‍ ചാറ്റ്’ അല്ലെങ്കില്‍ ‘സീക്രട്ട് ചാറ്റ്’ എന്ന് വിളിക്കുന്ന മോഡുകള്‍ ഉണ്ടെന്നും അവ സുരക്ഷിത ചാറ്റിങ്ങിന്റെ രൂപങ്ങമാണെന്നും വെമ്പു പറഞ്ഞു.
മണികണ്‍ട്രോളിന് നല്‍കിയ അഭിമുഖത്തില്‍ വാട്സ്ആപ്പിന് സമാനമായ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ ഉടന്‍ തന്നെ അറട്ടൈയിലും അവതരിപ്പിക്കുമെന്ന് മണി വെമ്പു പറഞ്ഞു. എന്നാല്‍ ഇതുസംബന്ധിച്ച് കൃത്യമായ ഒരു ടൈംലൈന്‍ അദേഹം പ്രഖ്യാപിച്ചിട്ടില്ല. അതേസമയം ഇന്ത്യയില്‍ വാട്സ്ആപ്പുമായി മത്സരിക്കണമെങ്കില്‍ അറട്ടൈ ഈ സുരക്ഷാ സവിശേഷത എത്രയും വേഗം പ്ലാറ്റ്ഫോമിലേക്ക് കൊണ്ടുവരേണ്ടതുണ്ട്. അറട്ടൈയുടെ സുരക്ഷാ ഘടനയെക്കുറിച്ച് നിരവധി ഉപയോക്തൃ അന്വേഷണങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് എന്‍ക്രിപ്റ്റ് ചെയ്ത ടെക്സ്റ്റ് മെസേജിംഗ് ചേര്‍ക്കാനുള്ള നീക്കം. എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ ഒരു പ്രധാന സവിശേഷതയായി വളരെക്കാലമായി അവകാശപ്പെടുന്ന വാട്സ്ആപ്പ്, സിഗ്‌നല്‍ പോലുള്ള ആഗോള സന്ദേശമയയ്ക്കല്‍ പ്ലാറ്റ്ഫോമുകളുമായി അറട്ടൈയെ യോജിപ്പിക്കാന്‍ ഈ സവിശേഷത സഹായിക്കും.

