സ്‌നാപ്ചാറ്റ് ഉപഭോക്താക്കള്‍ക്ക് തിരിച്ചടി; മെമ്മറീസ് ഫീച്ചറിന് ഇനി പണം നല്‍കേണ്ടി വരും

സ്‌നാപ്ചാറ്റ് ഉപഭോക്താക്കള്‍ക്ക് തിരിച്ചടി; മെമ്മറീസ് ഫീച്ചറിന് ഇനി പണം നല്‍കേണ്ടി വരും

ഫോട്ടോകളും വിഡിയോകളും സൂക്ഷിക്കാനായി ഉപയോക്താക്കളില്‍ നിന്ന് പണം ഈടാക്കാനൊരുങ്ങി സ്നാപ്പ്ചാറ്റ് . പുതിയ സംവിധാനം നിലവില്‍ വരുന്നതോടെ അഞ്ച് ജിബിക്ക് മുകളില്‍ സ്റ്റോറേജ് ഉള്ളവര്‍ പണം നല്‍കേണ്ടതായി വരും. 2016 ല്‍ സ്‌നാപ്ചാറ്റ് മെമ്മറീസ് ഫീച്ചര്‍ പുറത്തിറക്കിയിരുന്നു. ഈ ഫീച്ചര്‍ വഴി ഉപയോക്താക്കള്‍ മുമ്പ്് അയച്ചിരുന്ന വീഡിയോസും ഫോട്ടോസും സൂക്ഷിക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍ ഇനി മുതല്‍ ഈ സേവനങ്ങള്‍ ലഭ്യമാകാന്‍ പണം നല്‍കേണ്ടി വരുമെന്നാണ് കമ്പനി പറയുന്നത്.

സൗജന്യമായി നല്‍കിയിരുന്ന സേവനങ്ങള്‍ പെയ്ഡ് പ്ലാനാക്കി മാറ്റുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകുമെന്നും എന്നാല്‍ നല്‍കുന്ന പണത്തിനുള്ള സേവനങ്ങള്‍ യൂസര്‍മാര്‍ക്ക് ഉറപ്പാക്കുമെന്നും സ്നാപ് അധികൃതര്‍ വ്യക്തമാക്കുന്നു. മെമ്മറി ഫീച്ചര്‍ കൂടുതല്‍ മികച്ചതാക്കാനാണ് ഇത്തരത്തിലൊരു തീരുമാനത്തില്‍ കമ്പനി എത്തിയത്. ഒരു ട്രില്യണിലധികം പോസ്റ്റുകള്‍ സ്നാപ്ചാറ്റ് ഉപയോക്താക്കള്‍ മെമ്മറീസ് ഫീച്ചര്‍ ഉപയോഗിച്ച് സൂക്ഷിച്ചിട്ടുണ്ടെന്നും കമ്പനി അവരുടെ ബ്ലോഗ് പോസ്റ്റിലൂടെ വ്യക്തമാക്കി.

മൂന്ന് സ്റ്റോറേജ് ഓപ്ഷനുകളാണ് പുതിയ പ്ലാനുകളില്‍ ഉള്ളത്. 100 ജിബി, 256 ജിബി, 5ടിബി സ്റ്റോറേജ് എന്നിങ്ങനെയാണ് പുതിയ സ്റ്റോറേജ് ഓപ്ഷനുകള്‍. സ്റ്റോറേജ് ലഭിക്കാനായി എത്ര രൂപയുടെ പ്ലാനുകളാണ് കമ്പനി മുന്നോട്ട് വയ്ക്കുന്നത് എന്നതില്‍ ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല. ഘട്ടം ഘട്ടമായി നടപ്പാക്കാനാണ് കമ്പനിയുടെ തീരുമാനമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

administrator

Related Articles