അമേരിക്കന്‍ പോപ്പ് ഗായിക ടെയ്ലര്‍ സ്വിഫ്റ്റിന്റെ ഏറ്റവും പുതിയ സംഗീത ആല്‍ബത്തിനായുള്ള കാത്തിരിപ്പിന് വിരാമം. ഗായികയുടെ 12-ാമത്തെ സ്റ്റുഡിയോ ആല്‍ബം ‘ദ ലൈഫ് ഓഫ് എ ഷോ ഗേള്‍’ ഔദ്യോഗികമായി പുറത്തിറക്കി.
12 ട്രാക്കുകളാണ് ആല്‍ബത്തിലുള്ളത്. ദി ഫേറ്റ് ഓഫ് ഒഫീലിയ, എലിസബത്ത് ടെയ്ലര്‍, ഒപാലൈറ്റ്, ഫാദര്‍ ഫിഗര്‍, എല്‍ഡസ്റ്റ് ഡോട്ടര്‍, റൂയിന്‍ ദി ഫ്രണ്ട്ഷിപ്പ്, ആക്ച്വലി റൊമാന്റിക്, വൈഹ് ലിറ്റ്, വുഡ്, ക്യാന്‍സല്‍ഡ്, ഹണി, ദ ലൈഫ് ഓഫ് എ ഷോഗേള്‍ എന്നിവയാണ് പാട്ടുകള്‍. ‘ദ ലൈഫ് ഓഫ് എ ഷോഗേള്‍’ എന്ന ഗാനത്തില്‍ സബ്രീന കാര്‍പെന്ററും എത്തുന്നു.
2024ല്‍ റിലീസായ ‘ദ ടോര്‍ച്ചേഡ് പോയറ്റ് സൊസൈറ്റി’ക്ക് ശേഷമുള്ള സ്വിഫ്റ്റിന്റെ ആദ്യ മുഴുനീള ആല്‍ബമാണിത്. മാക്‌സ് മാര്‍ട്ടിനും ഷെല്‍ബാക്കുമായി സഹകരിച്ചാണ് നിര്‍മാണം. ‘റെപ്യൂട്ടേഷന്‍’ (2017) എന്ന ആല്‍ബത്തിന് ശേഷം ഇവരുമായി സഹകരിക്കുന്ന ആദ്യ ആല്‍ബമാണിത്.
കഴിഞ്ഞദിവസം വൈകുന്നേരം ‘ദ ലൈഫ് ഓഫ് എ ഷോ ഗേള്‍’ സ്പോട്ടിഫൈയില്‍ റിലീസ് ചെയ്തിരുന്നു. ആയിരക്കണക്കിന് ആരാധകര്‍ ആല്‍ബം സ്ട്രീം ചെയ്യാന്‍ തിരക്കുകൂട്ടിയത് പ്ലാറ്റ്ഫോമിന് സാങ്കേതിക തകരാര്‍ നേരിട്ടു. ആയിരത്തില്‍ അധികം പേര്‍ സ്‌പോട്ടിഫൈ ഉപയോഗിക്കാന്‍ സാധിക്കുന്നില്ലെന്ന് പരാതിപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ‘ദി ലൈഫ് ഓഫ് എ ഷോഗേള്‍’ എന്ന 12 ഗാനങ്ങളുള്ള ആല്‍ബത്തോടെയാകും ടെയ്ലര്‍ സ്വിഫ്റ്റിന്റെ ‘ന്യൂ ഇറ’ ആരംഭിക്കുകയെന്ന് ഓഗസ്റ്റില്‍ ‘ന്യൂ ഹൈറ്റ്സ്’ എന്ന പോഡ്കാസ്റ്റിലാണ് ഗായിക അറിയിച്ചത്.

