‘ജാനകി’ എന്ന പേര് സിനിമയില്‍ ഉപയോഗിക്കുന്നതിന് എതിരെ വീണ്ടും സെന്‍സര്‍ ബോര്‍ഡ്. ‘ജാന്‍കി ചാപ്റ്റര്‍ 1’ എന്ന ഭോജ്പൂരി ചിത്രത്തിന് എതിരെയാണ് സെന്‍സര്‍ ബോര്‍ഡ് രംഗത്തെത്തിയത്. ഹിന്ദിയില്‍ സിനിമ റിലീസ് ചെയ്യാനിരിക്കെയാണ് സിബിഎഫ്സി എതിര്‍പ്പറിയിച്ചത്. നിര്‍മാതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ബോംബെ ഹൈക്കോടതി ബോര്‍ഡിന് നോട്ടീസ് അയച്ചു.
സീതാ ദേവിയുടെ മറ്റൊരു പേരാണ് ‘ജാനകി’ എന്ന് കാട്ടിയാണ് സിബിഎഫ്സി ടൈറ്റിലിനോട് എതിര്‍പ്പറിയിച്ചത് എന്നാണ് സിനിമയുടെ നിര്‍മാതാക്കള്‍ പറയുന്നത്. സിനിമയിലെ കേന്ദ്ര കഥാപാത്രമായ പുരുഷന്റെ പേരിനോടും സെന്‍സര്‍ ബോര്‍ഡ് എതിര്‍പ്പറിയിച്ചിട്ടുണ്ട്. ‘രഘുറാം’ എന്നാണ് നായകന്റെ പേര്. രഘുറാമിന്റെയും ജാനകിയുടെയും ജീവിതത്തിന് ചുറ്റും വികസിക്കുന്ന മെഗാ ആക്ഷന്‍ സിനിമയാണിത്.
നിര്‍മാതാക്കളുടെ ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് രേവതി മോഹിതെ-ദേരെയും സന്ദേശ് പാട്ടീലുമാണ് സെന്‍സര്‍ ബോര്‍ഡിന് നോട്ടീസ് അയച്ചത്. ഒക്ടോബര്‍ ആറിന് മുമ്പ് മറുപടി നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ദിലേഷ് സാഹു, അനുകൃതി ചൗഹാന് എന്നിവര്‍ അഭിനയിച്ച ചിത്രം സംവിധാനം ചെയ്തത് കൗശല്‍ ഉപാധ്യായയാണ്. ഭോജ്പൂരി ഭാഷയില്‍ റിലീസ് ആയ ചിത്രം പിന്നീട് ഹിന്ദിയിലേക്ക് എത്തിക്കാന്‍ തീരുമാനിക്കുകയായിരുന്നു. 2025 മെയ് 16 ന് സിബിഎഫ്സിയുടെ അംഗീകാരത്തോടെ ചിത്രത്തിന്റെ ട്രെയ്ലറും പുറത്തിറക്കിയിരുന്നു. ജൂണ്‍ 10ന് സിനിമയ്ക്ക് ബോര്‍ഡ് യു/എ 16+ സര്‍ട്ടിഫിക്കറ്റോടെ പ്രദര്‍ശനാനുമതി നല്‍കിയിരുന്നു.
സര്ട്ടിഫിക്കേഷന് നല്കുമ്പോള് ചില കട്ടുകളും പരിഷ്കാരങ്ങളും ബോര്‍ഡ് നിര്‍ദേശിച്ചിരുന്നു. ഇതിനു പുറമേയായിരുന്നു സിനിമയുടെ ടൈറ്റില്‍ മാറ്റണമെന്നും കേന്ദ്ര കഥാപാത്രങ്ങളുടെ പേര് മാറ്റാണമെന്നുമുള്ള നിര്‍ദേശം. മതപരമോ സാമൂഹികമോ ആയ വികാരങ്ങള്‍ വ്രണപ്പെടുത്തുന്നതാണ് ‘ജാനകി’, ‘രഘുറാം’ എന്നീ പേരുകളുടെ ഉപയോഗമെന്നാണ് ബോര്‍ഡിന്റെ വാദം. എന്നാല്‍, ഇത് ആവിഷ്കാര സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്നാണ് ‘ജാനകി’ നിര്‍മാതാക്കള്‍ പറയുന്നത്.

