അള്‍ഷൈമേഴ്സ് രോഗം വരാനുള്ള സാധ്യത ഉണ്ടോ ഇല്ലയോ എന്ന് കണ്ടെത്താന്‍ ഇനി സാംസങ് ഫോണുകള്‍ സഹായിക്കും. സാംസങ് ഗ്യാലക്സി ഫോണുകളിലും വാച്ചുകളിലും ഈ പുത്തന്‍ ഫീച്ചര്‍ കൊണ്ടുവരാന്‍ കമ്പനി തയ്യാറെടുക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ആപ്പുകളുടെ ഉപയോഗം, ടൈപ്പിംഗ് സ്പീഡ് , കോള്‍ ഫ്രീക്വന്‍സി, ഉറക്കം, ശബ്ദം, മെസ്സേജിങ് പാറ്റേണ്‍ എന്നിവയുടെ അടിസ്ഥാനത്തിലാകും വിശകലനം നടത്തുക. ഇത് ട്രാക്ക് ചെയ്യുന്നതിനായി ഗവേഷകര്‍ ഡിജിറ്റല്‍ ബയോമാര്‍ക്കര്‍ വികസിപ്പിച്ചെടുത്തതായി കമ്പനി അവരുടെ ബ്ലോഗ് പോസ്റ്റിലൂടെ വ്യക്തമാക്കി.
സ്മാര്‍ട്ട് ഫോണുകളും വാച്ചും ഉപയോഗിക്കുന്ന വ്യക്തിയുടെ ശീലങ്ങള്‍ , ശരീരത്തിന്റെ സവിശേഷതകള്‍ തുടങ്ങിയവ പഠിച്ചെടുക്കുകയും ഇവ സൂക്ഷ്മമായി നിരീക്ഷിച്ച് രേഖപ്പെടുത്തുകയും ചെയ്യുന്നു. സോഷ്യല്‍ മീഡിയ ഉപയോഗം, ഫോണ്‍ വഴിയുള്ള സംഭാഷണം, വാക്കുകള്‍ സംസാരിക്കുമ്പോഴുള്ള വ്യക്തത എല്ലാം ഡിജിറ്റല്‍ ബയോമാര്‍ക്കറുകള്‍ നിരീക്ഷിക്കും. ഇതിലൂടെ തലച്ചോറിന്റെ പ്രവര്‍ത്തനം,ഓര്‍മ്മ, തലച്ചോറിന് ഭാഷ ഉപയോഗിക്കാനുള്ള ശേഷി തുടങ്ങി അള്‍ഷൈമേഴ്സിന് കാരണമാകുന്ന തലച്ചോറിന്റെ പ്രശ്നങ്ങളെയെല്ലാം ഇവ കണ്ടെത്തും.
ഇങ്ങനെ സ്മാര്‍ട്ട് ഫോണുകളിലൂടെയും, വാച്ചിലൂടെയും കണ്ടെത്തുന്ന ഡാറ്റകള്‍ അള്‍ഷൈമേഴ്സ് രോഗത്തിന്റെ സാധ്യത മുന്നേ വെളിപ്പെടുത്തുമെന്നാണ് സാംസങ് പറയുന്നത്. ഇത് വ്യക്തികള്‍ക്ക് മുന്‍കരുതലുകളും , ചികിത്സയും പ്രാരംഭ ഘട്ടത്തില്‍ തന്നെ തേടാന്‍ കഴിയുമെന്നും അവര്‍ വ്യക്തമാക്കി. ഡെന്‍മാര്‍ക്കിലെ കോപ്പന്‍ഹേഗനില്‍ നടന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എഞ്ചിനീയേഴ്സിന്റെ (ഐഇഇഇ) എഞ്ചിനീയറിംഗ് ഇന്‍ മെഡിസിന്‍ ആന്‍ഡ് ബയോളജി സൊസൈറ്റി (ഇഎംബിഎസ്) ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സില്‍ സംസങ് അവരുടെ പുതിയ കണ്ടുപിടുത്തം അവതരിപ്പിച്ചിരുന്നു. ഈ പ്രബന്ധനങ്ങള്‍ ഏറ്റവും മികച്ച ഏഴ് ശതമാനത്തില്‍ ഇടം നേടുകയും ചെയ്തു. തങ്ങളുടെ പുതിയ കണ്ടെത്തല്‍ ആശുപത്രികളില്‍ നടക്കുന്ന മറവിരോഗ ടെസ്റ്റുകളുടെ അതേ ഫലം തന്നെയാണ് നല്‍കുന്നതെന്നാണ് കമ്പനിയുടെ വാദം.

