രാഷ്ട്രീയപരമായി സംവേദനക്ഷമതയുള്ളതും, സെന്‍സിറ്റീവായതുമായ ഓണ്‍ലൈന്‍ ഉള്ളടക്കങ്ങള്‍ കണ്ടെത്തുകയും തടയുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ പുതിയ എഐ ടൂളുമായി ചൈന വരുന്നു. പ്രശസ്തമായ ലാര്‍ജ് ലാംഗ്വേജ് മോഡലായ ഡീപ്സീക്കിനാണ് പുത്തന്‍ മേക്ക്ഓവര്‍ വരുന്നത്. ഇന്റര്‍നെറ്റില്‍ നിന്ന് സെന്‍സിറ്റീവ് ചര്‍ച്ചകള്‍ തടയുന്നതിന് വേണ്ടിയുള്ള ഡീപ്സീക്ക് ആര്1സേഫ് എഐ മോഡലിന്റെ പരീക്ഷണഘട്ടങ്ങള്‍ പൂര്‍ത്തിയായിരിക്കുകയാണ് ഇപ്പോള്‍. എന്നാല്‍ ഡീപ്സീക്കല്ല, ചൈനീസ് ടെക് ഭീമനായ വാവെയ് ആണ് ഈ പുത്തന്‍ എഐ ഏജന്റിന്റെ സൃഷ്ടാക്കള്‍ എന്നതാണ് പ്രത്യേകത. ഡീപ്സീക്ക് ആര്1 ഓപ്പണ്‍ സോഴ്സ് മോഡലിലാണ് ഈ എഐ മോഡല്‍ നിര്‍മ്മിച്ചിരിക്കുന്നത്.
ഈ ടൂള്‍ വിവിധ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലെ ടെക്സ്റ്റ്, ചിത്രങ്ങള്‍, വീഡിയോകള്‍, ഓഡിയോ ഫയലുകള്‍ എന്നിവ വിശകലനം ചെയ്യും. കൂടാതെ ചൈനീസ് സര്‍ക്കാരിന്റെ നയങ്ങള്‍ക്ക് വിരുദ്ധമായതോ, സാമൂഹിക വിരുദ്ധമായതോ, കലാപങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുള്ളതോ ആയ ഉള്ളടക്കങ്ങള്‍ സ്വയം കണ്ടെത്തുകയും, ഫില്‍ട്ടര്‍ ചെയ്യുകയോ അല്ലെങ്കില്‍ നീക്കം ചെയ്യുകയോ ചെയ്യും. അതേസമയം ലിയാങ്ങോ ഡീപ്സീക്കോ പദ്ധതിയില്‍ നേരിട്ട് പങ്കില്ലെന്ന് വാവെയ് വ്യക്തമാക്കിയിട്ടുണ്ട്.

