കേരള മീഡിയ അക്കാദമിയുടെ 2024-25 വർഷത്തെ ഇന്ത്യൻ മീഡിയ പേഴ്സൺ അവാർഡ് രാജ്ദീപ് സർദേശായിക്ക്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്പവുമാണ് അവാർഡ്. ഈമാസം 30ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്‌കാരം സമ്മാനിക്കുമെന്ന് അക്കാദമി ചെയർമാൻ ആർ.എസ്.ബാബു അറിയിച്ചു. തോമസ് ജേക്കബ്, ഡോ.സെബാസ്റ്റ്യൻ പോൾ, ഡോ.മീന.ടി.പിളള എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാരം നിർണ്ണയിച്ചത്. 2014: ദി ഇലക്ഷൻ ദാറ്റ് ചേഞ്ച്ഡ് ഇന്ത്യ’ എന്ന ബെസ്റ്റ് സെല്ലർ പുസ്തകത്തിന്റെ രചയിതാവും മുതിർന്ന മാധ്യമ പ്രവർത്തകനുമാണ് രാജ്ദീപ് സർദേശായി. ഇന്ത്യാ ടുഡേ ഗ്രൂപ്പിൽ കൺസൾട്ടിംഗ് എഡിറ്ററാണ്. അച്ചടി, ടിവി മേഖലകളിൽ 26 വർഷത്തെ മാധ്യമപ്രവർത്തന പരിചയം. എൻഡിടിവി നെറ്റ്വർക്കിന്റെ മാനേജിംഗ് എഡിറ്ററായിരുന്നു. പിന്നീട് സിഎൻഎൻ ഐബിഎൻ ചാനലുകളമായി ചേർന്ന് ഐബിഎൻ 18 നെറ്റ്വർക്ക് സ്ഥാപിച്ചു. 26 വയസ്സുള്ളപ്പോൾ ടൈംസ് ഓഫ് ഇന്ത്യയിലാണ് സർദേശായി തന്റെ മാധ്യമപ്രവർത്തന കരിയർ ആരംഭിച്ചത്. ടൈംസ് ഓഫ് ഇന്ത്യയുടെ മുംബൈ പതിപ്പിന്റെ സിറ്റി എഡിറ്ററായിരുന്നു.
administrator

