ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മിച്ച ‘ലോക- ചാപ്റ്റര്‍ വണ്‍: ചന്ദ്ര’ക്ക് വമ്പന്‍ റെക്കോര്‍ഡ്. അഞ്ച് മില്യണ്‍ ടിക്കറ്റുകള്‍ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് ആപ്പായ ബുക്ക് മൈ ഷോ വഴി വിറ്റ ചിത്രം എന്ന റെക്കോര്‍ഡാണിപ്പോള്‍ ലോക സ്വന്തമാക്കിയിരിക്കുന്നത്. മലയാള സിനിമാ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും ടിക്കറ്റുകള്‍ ഓണ്‍ലൈനായി വില്‍ക്കുന്നത്. കേരളത്തിലും റസ്റ്റ് ഓഫ് ഇന്ത്യ മാര്‍ക്കറ്റിലും ലഭിച്ച അഭൂതപൂര്‍വമായ സ്വീകരണമാണ് ചിത്രത്തെ ഈ നേട്ടം സ്വന്തമാക്കാന്‍ സഹായിച്ചത്.
സൊമാറ്റോയുടെ ഡിസ്ട്രിക്ട് ആപ്പിലും ഏറ്റവും കൂടുതല്‍ ടിക്കറ്റുകള്‍ വിറ്റ മലയാള ചിത്രമായി ലോക മാറി. പാന്‍ ഇന്ത്യന്‍ ഹിറ്റായി മാറിയ ചിത്രം മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും വലിയ തരംഗമാണ് സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്. റസ്റ്റ് ഓഫ് ഇന്ത്യ മാര്‍ക്കറ്റില്‍ നിന്ന് ഏറ്റവും വലിയ കളക്ഷന്‍ സ്വന്തമാക്കിയ രണ്ടാമത്തെ മലയാള ചിത്രമാണ് ഇപ്പോള്‍ ലോക. അതോടൊപ്പം മലയാളത്തിലെ ഏറ്റവും വലിയ ആഗോള ഗ്രോസര്‍ ആയും ചിത്രം മാറി. വിദേശ മാര്‍ക്കറ്റിലും മഹാവിജയമാണ് ചിത്രം നേടിയെടുത്തത്.

