പരമ്പരാഗത ചികിത്സാ രീതികളില്‍നിന്ന് വ്യത്യസ്തമായി എല്ലുകളുടെ പൊട്ടല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ ഭേദമാക്കാന്‍ കഴിയുന്ന ഒരു വിപ്ലവകരമായ സാങ്കേതികവിദ്യ വികസിപ്പിച്ചിരിക്കുകയാണ് ചൈനീസ് ഗവേഷകര്‍. ‘ബോണ്‍02’ എന്ന് പേരിട്ടിരിക്കുന്ന ഈ മെഡിക്കല്‍ ബോണ്‍ ഗ്ലൂ പൊട്ടലുകള്‍ അതിവേഗം ഒട്ടിച്ചു ചേര്‍ക്കാനുള്ള ശേഷി നല്‍കുന്നു. സാധാരണഗതിയില്‍ എല്ലുകളുടെ പരുക്ക് ഭേദമാകാന്‍ ആഴ്ചകളോ മാസങ്ങളോ വേണ്ടിവരും. എന്നാല്‍ ഈ പുതിയ സാങ്കേതികവിദ്യ രോഗികളുടെ ചികിത്സാ കാലയളവ് ഗണ്യമായി കുറയ്ക്കാന്‍ സഹായിക്കും.
ഈ മെഡിക്കല്‍ ഗ്ലൂവിന്റെ ഏറ്റവും വലിയ പ്രത്യേകത ഇത് രക്തം വാര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യങ്ങളില്‍ പോലും വെറും മൂന്ന് മിനിറ്റിനുള്ളില്‍ എല്ലുകളെ ബലമായി ഒട്ടിച്ചു നിര്‍ത്തും എന്നതാണ്. കിഴക്കന്‍ ചൈനയിലെ ഷെജിയാങ് പ്രവിശ്യയിലെ ഒരു ഗവേഷക സംഘമാണ് ഇതിന് പിന്നില്‍. ഈ പശ ഉപയോഗിച്ച് ഒട്ടിച്ച എല്ലുകള്‍ക്ക് ബലം നല്‍കാന്‍ സ്റ്റീല്‍ പ്ലേറ്റുകളോ സ്‌ക്രൂകളോ ആവശ്യമില്ല. അതുപോലെ, ഇത് അണുബാധകള്‍ക്കും ശരീരത്തിന്റെ പ്രതിപ്രവര്‍ത്തനങ്ങള്‍ക്കും ഉള്ള സാധ്യതകള്‍ കുറയ്ക്കുന്നു.
‘ബോണ്‍02’ വികസിപ്പിക്കാന്‍ ഗവേഷകര്‍ക്ക് സാധിച്ചത് ഈ മേഖലയിലെ മുന്‍ ഗവേഷണങ്ങളുടെ പരാജയങ്ങളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ടുകൊണ്ടാണ്. 1940കളില്‍ വികസിപ്പിച്ച ആദ്യകാല ബോണ്‍ ഗ്ലൂകള്‍ ജെലാറ്റിന്‍, എപ്പോക്‌സി റെസിനുകള്‍, അക്രിലേറ്റുകള്‍ തുടങ്ങിയവയെ അടിസ്ഥാനമാക്കിയുള്ളവയായിരുന്നു. എന്നാല്‍ അവയൊന്നും ഫലപ്രദമല്ലാത്തതിനാല്‍ ഉപേക്ഷിക്കപ്പെട്ടു. പുതിയ സാങ്കേതികവിദ്യ പഴയതിലുള്ള എല്ലാ പോരായ്മകളെയും പരിഹരിക്കുന്നു. ഇത് ഉപയോഗിച്ച് നടത്തിയ പരീക്ഷണങ്ങളില്‍ 150ലധികം രോഗികളില്‍ ബോണ്‍ ഗ്ലൂവിന്റെ സുരക്ഷയും ഫലപ്രാപ്തിയും സ്ഥിരീകരിച്ചിട്ടുണ്ട്.

