ആരോഗ്യരംഗത്ത് കൃത്രിമ ബുദ്ധി (എഐ) ഉപയോഗപ്പെടുത്തി വിപ്ലവകരമായ മുന്നേറ്റവുമായി എഐയില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റെതസ്കോപ്പുകള്‍. നിലവിലെ മോഡലുകളെ അപേക്ഷിച്ച് ഈ സ്റ്റെതസ്കോപ്പുകള്‍ കൂടുതല്‍ കാര്യക്ഷമവും, രോഗനിര്‍ണയം വേഗത്തില്‍ സാധ്യമാക്കുകയും ചെയ്യും. രോഗികള്‍ക്ക് ദീര്‍ഘകാലം ആരോഗ്യത്തോടെ ജീവിക്കാന്‍ സഹായിക്കുമെന്നും ഗവേഷകര്‍ വ്യക്തമാക്കി.
ഇംപീരിയല്‍ കോളേജ് ലണ്ടനും ഇംപീരിയല്‍ കോളേജ് ഹെല്‍ത്ത്കെയര്‍ എന്‍എച്ച്എസ് ട്രസ്റ്റും ചേര്‍ന്ന് നടത്തിയ പഠനത്തിലാണ് കണ്ടെത്തലുകള്‍. അമേരിക്കന്‍ സ്ഥാപനമായ എക്കോ ഹെല്‍ത്ത് നിര്‍മ്മിച്ച എഐ സ്റ്റെതസ്കോപ്പുകള്‍ ഉപയോഗിച്ച് 96 സര്‍ജറികളില്‍ നിന്നുള്ള 12,000ത്തിലധികം രോഗികളെ പരിശോധിച്ചു. എഐ സ്റ്റെതസ്കോപ്പ് ഉപയോഗിക്കാത്ത 109 ജിപി സര്‍ജറികളിലെ രോഗികളുമായാണ് താരതമ്യം ചെയ്തത്.
ഗവേഷണത്തില്‍ കണ്ടെത്തിയതനുസരിച്ച്, എഐ സ്റ്റെതസ്കോപ്പ് ഉപയോഗിച്ച് പരിശോധന നടത്തിയപ്പോള്‍ ഹൃദയസ്തംഭനമുള്ളവരില് 12 മാസത്തിനുള്ളില്‍ രോഗം കണ്ടെത്താനുള്ള സാധ്യത 2.33 മടങ്ങ് കൂടുതലായിരുന്നു. രോഗലക്ഷണങ്ങള്‍ കാണിക്കാത്തതും പക്ഷാഘാത സാധ്യത വര്‍ധിപ്പിക്കുന്നതുമായ അസാധാരണ ഹൃദയതാളം 3.5 മടങ്ങ് കൂടുതലും ഹൃദയ വാല്‍വ് തകരാറുകള്‍ 1.9 മടങ്ങ് കൂടുതലും കണ്ടെത്താന്‍ കഴിഞ്ഞു.
പരമ്പരാഗത സ്റ്റെതസ്കോപ്പ് ശരീരത്തിലെ ആന്തരിക ശബ്ദങ്ങള്‍ കേള്‍ക്കാന്‍ മാത്രമേ സഹായിച്ചിരുന്നുള്ളു. എന്നാല്‍, പുതിയ എഐ സ്റ്റെതസ്കോപ്പ് ഹൃദയസ്തംഭനം, ഹൃദയ വാല്‍വ് തകരാര്‍, അസാധാരണ ഹൃദയതാളം എന്നിവ ഏതാണ്ട് തല്‍ക്ഷണം കണ്ടെത്താന്‍ കഴിയും. ഇത് രോഗികള്‍ക്ക് നേരത്തെ ചികിത്സ ലഭ്യമാക്കുന്ന ‘ഗെയിം ചേഞ്ചര്‍’ ആയിരിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. യുകെയിലുടനീളം ഈ ഉപകരണം അവതരിപ്പിക്കാനാണ് പദ്ധതി.

