വർഷങ്ങളായി വാട്സ്ആപ്പിന്റെ അടയാളമായിരുന്ന പച്ച നിറത്തിന് ഇനി വിട നൽകാം. ആപ്പ് ഐക്കണിന്റെ നിറവും ആപ്പിന്റെ തീമും ഉപയോക്താക്കൾക്ക് സ്വന്തം താൽപ്പര്യത്തിനനുസരിച്ച് മാറ്റാൻ കഴിയുന്ന പുതിയ ഫീച്ചർ അവതരിപ്പിക്കാൻ മെറ്റ ഒരുങ്ങുകയാണ്. ആൻഡ്രോയിഡ് ബീറ്റാ പതിപ്പിൽ പരീക്ഷിച്ചുകൊണ്ടിരിക്കുന്ന ഈ ഫീച്ചറുകൾ വൈകാതെ തന്നെ എല്ലാവരിലേക്കും എത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഏകദേശം 14 വ്യത്യസ്ത ആപ്പ് ഐക്കണുകളാണ് പുതിയ അപ്ഡേറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നീല, തവിട്ട്, ഓറഞ്ച്, പിങ്ക്, പർപ്പിൾ തുടങ്ങിയ ഏകവർണ്ണ ഡിസൈനുകൾക്ക് പുറമെ അറോറ, ഗാലക്സി, നിയോൺ തുടങ്ങിയ സ്റ്റൈലിഷ് ഡിസൈനുകളും ഇതിൽ ലഭ്യമാകും. ഇതിലൂടെ തേർഡ് പാർട്ടി ആപ്പുകളുടെ സഹായമില്ലാതെ തന്നെ ഹോം സ്ക്രീനിലെ വാട്സ്ആപ്പ് ഐക്കൺ രൂപം മാറ്റാൻ ഉപയോക്താക്കൾക്ക് സാധിക്കും.
ഐക്കണുകൾക്ക് പുറമെ ആപ്പിന്റെ ഇന്റർഫേസ് നിറങ്ങളിലും വലിയ മാറ്റങ്ങൾ വരുന്നുണ്ട്. ടാബുകൾ, ബട്ടണുകൾ എന്നിവയ്ക്കായി ഏകദേശം 19 ഓളം നിറങ്ങൾ തിരഞ്ഞെടുക്കാൻ സൗകര്യമുണ്ടാകും. റോയൽ ബ്ലൂ മുതൽ ഡാർക്ക് ഒലീവ് ഗ്രീൻ വരെയുള്ള നിറങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ഓരോ ഉപയോക്താവിനും ആപ്പിന്റെ ലുക്ക് പൂർണ്ണമായും വ്യക്തിഗതമാക്കാൻ സഹായിക്കുന്ന ഈ മാറ്റം വാട്സ്ആപ്പിന്റെ ദൃശ്യാനുഭവത്തിൽ വലിയൊരു വിപ്ലവമാണ് ലക്ഷ്യമിടുന്നത്.

