‘വനിതകളുടെയും എസ് സി /എസ് ടി വിഭാഗത്തിന്റെയും സിനിമാ മേഖലയിലുള്ള പ്രാതിനിധ്യം ഉറപ്പിക്കുന്നതിനും അതത് മേഖലയില്‍ പ്രതിഭയുള്ളവരെ ചലച്ചിത്രസംവിധാന രംഗത്തേക്ക് കൈപിടിച്ചുയര്‍ത്തുന്നതിനും ആയി വിഭാവനം ചെയ്യപ്പെട്ട പദ്ധതി, അതിന്റെ നടത്തിപ്പ് രീതികൊണ്ട്, അങ്ങേയറ്റം സ്ത്രീ /ദളിത് വിരുദ്ധമായിത്തീര്‍ന്നിരിക്കുന്നു’ എന്ന ഒരു വിമര്‍ശനമാണ് അടൂര്‍ ഗോപാലകൃഷ്ണന്‍ സിനിമാ കോണ്‍ക്ലേവില്‍ ഉന്നയിച്ചിരുന്നതെങ്കില്‍ അത് എത്രമാത്രം ഗംഭീരമാകുമായിരുന്നു. സിനിമയിലെ തന്റെ ആഢ്യത്വത്തിന്റെയും അപ്രമാധിത്വത്തിന്റെയും പ്രിവിലേജുകളുടെയും ഗരിമയില്‍ അദ്ദേഹം ഇന്നലെയും ഇന്നും പുറപ്പെടുവിച്ചിട്ടുള്ള, പുതിയകാലത്തിന്റെ ഗൗരവമാര്‍ന്ന സംവാദമേഖലയിലേക്ക് ഒരിക്കലും പ്രവേശനം പോലും അനുവദിക്കാത്ത മനോവ്യാപാരങ്ങള്‍, അതിലുള്‍പ്പെട്ട മനുഷ്യരെ മാത്രമല്ല, അദ്ദേഹത്തിന്റെ ആദ്യകാല ചിത്രങ്ങളെ ഹൃദയത്തിലേറ്റുന്ന ചലച്ചിത്രപ്രേമികളെ കൂടിയാണ് അങ്ങേയറ്റം അപമാനിതരാക്കിയത്; പ്രയാസപ്പെടുത്തിയത്. സത്യത്തില്‍ വനിതകളുടെയും എസ് സി /എസ് ടി വിഭാഗത്തിന്റെയും ശാക്തീകരണത്തിനായുള്ള കേരള സര്‍ക്കാരിന്റെ ഈ അഭിമാന പദ്ധതി ഇന്ന് എത്രമാത്രം അഴിമതിയും അധികാരദുര്‍വിനിയോഗവും നിറഞ്ഞതും ബ്യൂറോക്രാറ്റിക്കും ആയിത്തീര്‍ന്നു എന്ന അതിന്റെ കാതലായ വിമര്‍ശനവഴികള്‍, ഈ വഷളത്തരംകൊണ്ട് ഇപ്പോള്‍ തിരശ്ശീലക്കുള്ളില്‍ മറയ്ക്കപ്പെട്ടിരിക്കുന്നു. ആ പദ്ധതി വഴി സിനിമചെയ്തവരും ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നവരും അനുഭവിച്ച അപമാനങ്ങള്‍, ദുരനുഭവങ്ങള്‍, കഷ്ടനഷ്ടങ്ങള്‍ ഇവ വലിയ നിലയില്‍ ഉയര്‍ന്നുവരേണ്ടിയിരുന്ന ഒരു സന്ദര്‍ഭം അടപടലം അട്ടിമറിക്കപ്പെട്ടിരിക്കുന്നു. അതിന്റെ എല്ലാ വിശദാംശങ്ങളും ഓഡിറ്റ് ചെയ്യപ്പെടെണ്ടിയിരുന്ന, കുറ്റവാളികളെ ആ ഏരിയയില്‍ നിന്നുതന്നെ തുടച്ചുനീക്കേണ്ടിയിരുന്ന ഒരു സന്ദര്‍ഭം പാഴായിപ്പോയിരിക്കുന്നു.
അടൂര്‍ പറഞ്ഞതുപോലെ ലെന്‍സും ലൈറ്റും തിരിച്ചറിയാത്തവരല്ല ഇന്നീ ഈ പദ്ധതിയില്‍ സിനിമ സംവിധാനം ചെയ്യാന്‍ എത്തുന്നവരാരും. അവര്‍ ഹ്രസ്വചിത്രങ്ങള്‍ ചെയ്തും സുഹൃത്തുക്കള്‍ക്കൊപ്പം ചില പ്രൊഡക്ഷനുകളില്‍ എങ്കിലും പങ്കാളികള്‍ ആയും ഇക്കാര്യങ്ങളില്‍ നല്ല ധാരണയുള്ളവര്‍ തന്നെയാണ്. സിനിമയെ ഔപചാരികമായിത്തന്നെ പഠിച്ചവര്‍ അടക്കം അവരിലുണ്ട്. അടൂര്‍ പറഞ്ഞത്, സത്യത്തില്‍ കെ എസ് എഫ് ഡി സി യിലെ ഉന്നതരും അവിടുത്തെ കൊട്ടാരം സൂക്ഷിപ്പുകാരായ താപ്പാനകളും എത്രയോ നാളുകളായി പറഞ്ഞുകൊണ്ടിരിക്കുന്നതാണ് എന്നത് നമ്മള്‍ കാണാതെ പോകരുത്. നിങ്ങള്‍ക്ക് സിനിമയെടുക്കാന്‍ അറിയില്ല; അതൊക്കെ ഞങ്ങള്‍ പറഞ്ഞുതരുന്ന വഴിയിലൂടെ നടത്തിയാല്‍ മതി എന്ന്! ഞങ്ങള്‍ ചൂണ്ടിക്കാണിക്കുന്ന ടെക്‌നീഷ്യന്മാരെ നിയോഗിച്ചാല്‍ മതി എന്ന്! ഞങ്ങള്‍ക്ക് താത്പര്യമുള്ള നടീനടന്മാരെ ഉള്‍പ്പെടുത്തിയാല്‍ മതി എന്ന്! കെ എസ് എഫ് ഡി സി എന്ന ഈ പദ്ധതിയുടെ കേവലം നോഡല്‍ ഏജന്‍സിയായ ഒരു സ്ഥാപനത്തില്‍ തങ്ങളുടെ കഴിവിലും കഠിനാധ്വാനത്തിലും സൗഹൃദങ്ങളിലും മാത്രം വിശ്വസിച്ച് മുന്നോട്ടുവന്ന സംവിധായകര്‍ നേരിട്ട അവഗണനകളുടെ അപമാനത്തിന്റെ അധികാരഭാവത്തിന്റെ നടുക്കുന്ന ഓര്‍മ്മകള്‍ അവരില്‍ പലരും പിന്നീട് ഞെട്ടലോടെയും ഉള്ളുരുക്കത്തോടെയും തുറന്നുപറഞ്ഞിട്ടുണ്ട്. തങ്ങളുടെ സര്‍ഗ്ഗാത്മകമേഖല സിനിമയായതുകൊണ്ടും ആദ്യസംരംഭത്തിന് നിമിത്തമായ ഒരു പദ്ധതിയെ തള്ളിപ്പറയാനുള്ള വൈമുഖ്യം കൊണ്ടും അവരില്‍ ചിലരൊക്കെ പ്രതിഷേധം അടുത്തസൗഹൃദങ്ങളില്‍ മാത്രം പങ്കുവെക്കുന്നു. ഈ പ്രതിഷേധങ്ങളത്രയും അപമാനകരമായ ചില പ്രസ്താവങ്ങള്‍ വഴി എവിടേക്കോ അന്തരീക്ഷത്തില്‍ നിന്ന് ഒഴുകിപ്പോയിരിക്കുന്നു.

അടൂര്‍ പറഞ്ഞതിലെ ഒരു കാര്യം ഒന്നരക്കോടി മൂന്നുപേര്‍ക്ക് കൊടുക്കാമായിരുന്നു എന്നതാണ്. തീര്‍ച്ചയായും അത് ശരിയാണ്. എങ്ങിനെയെങ്കില്‍; കൃത്യമായും അതിന്റെ മൂന്നിലൊന്നായ അമ്പതുലക്ഷം രൂപ പൂര്‍ണ്ണമായും ചലച്ചിത്ര നിര്‍മ്മാണത്തിനായി തെരഞ്ഞെടുക്കപ്പെടുന്ന സംവിധായകര്‍ക്ക് നല്‍കാന്‍ സാധിക്കുമെങ്കില്‍! ഇപ്പോള്‍ പൂര്‍ത്തിയായ ഈ പദ്ധതിയിലെ ചില സിനിമകളെങ്കിലും കണ്ട ഒരാള്‍ എന്ന നിലയില്‍ കൃത്യമായും അമ്പതുലക്ഷം രൂപ ഉണ്ടെങ്കില്‍ പൂര്‍ത്തീകരിക്കാവുന്ന സിനിമകള്‍ മാത്രമായിരുന്നു അവയെല്ലാം. എന്നാല്‍ അവയ്ക്കായി എത്ര തുക ചെലവഴിക്കപ്പെട്ടു എന്ന് ആ പദ്ധതിയാല്‍ ആവിഷ്‌കരിക്കപ്പെട്ട പ്രോജക്റ്റുകളുടെ സംവിധായകര്‍ക്ക് പോലും അറിയില്ല. ഇവിടെയാണ് അടൂര്‍ സൂചിപ്പിച്ച അഴിമതി കൃത്യമായും നടക്കുന്നത്. അതിന്റെ സാമ്പത്തിക വിനിമയം മുഴുവന്‍ കെ എസ് എഫ് സി സിയിലെ ഉദ്യോഗസ്ഥരിലൂടെയാണ് നടപ്പാക്കപ്പെടുന്നത്. റൂം ബുക്ക് ചെയ്യുന്നത്, വാഹനങ്ങള്‍ ഓടുന്നത്, ലാബുകള്‍ അടക്കം പലതിന്റെയും വാടക തീരുമാനിക്കുന്നത് എല്ലാം ഉദ്യോഗസ്ഥര്‍! അതെത്രയാണെന്ന് ഒരിക്കലും സംവിധായകര്‍ അറിയണമെന്നില്ല. അതിന്റെ പേരില്‍ എഴുതിവെക്കുന്ന കണക്കുകള്‍ അവര്‍ കാണണം എന്നുപോലുമില്ല. അമ്പതുലക്ഷം ആയിക്കാണും തന്റെ സിനിമയ്ക്ക് എന്ന് വിചാരിച്ച് ബാക്കി പ്ലാന്‍ ചെയ്യുന്ന സംവിധായകരോട് പ്രോഡക്ഷന്‍ ചുമതലയുള്ള ഒരുദ്യോഗസ്ഥന്‍ ഒരു സുപ്രഭാതത്തില്‍ നിങ്ങള്‍ക്ക് അനുവദിച്ച പണം മുഴുവന്‍ തീര്‍ന്നു എന്ന് പറയുമ്പോഴാവും അവര്‍ ഞെട്ടിത്തരിക്കുന്നത്. നാല്‍പ്പത് ലക്ഷം രൂപയുടെ പരസ്യം പ്രമോഷന്‍ ആണ് ഈ പദ്ധതിയിലെ ചിത്രങ്ങള്‍ക്ക് ഒന്നരക്കോടിയില്‍ നിന്നും ആദ്യമേ മാറ്റിവെക്കുന്നത്. എന്നിട്ട് അത്യവശ്യം ജനങ്ങള്‍ കാണുമായിരുന്ന ഇതിലെ പലചിത്രങ്ങള്‍ക്കും ഒരു ലക്ഷത്തിനടുത്ത് മാത്രമാണ് വരുമാനം ഉണ്ടായത്. പരമാവധി നേടാനായത് ഏഴുലക്ഷം രൂപയില്‍ താഴെ. അതിനര്‍ത്ഥം ആ മാര്‍ക്കറ്റിംഗ് അത്രയും പരാജയമായിരുന്നു എന്നല്ലേ. ഒരു കോടിയില്‍ പരം മുടക്കി നിര്‍മ്മിച്ച ഒരുത്പന്നം അതിനുമേല്‍ നാല്‍പ്പതുലക്ഷം രൂപയുടെ മാര്‍ക്കറ്റിംഗ് നടത്തിയിട്ട്, ശരാശരി ഒന്നരലക്ഷംരൂപ മാത്രമാണ് ആകെ കിട്ടുന്നതെങ്കില്‍ ആ മാര്‍ക്കറ്റിംഗിന്റെ ഗുട്ടന്‍സ് ആര്‍ക്കാണ് മനസ്സിലാവാത്തത്! നിങ്ങള്‍ ഒരു മാര്‍ക്കറ്റിംഗും നടത്തേണ്ട, കെ എസ് എഫ് ഡി സി തിയേറ്ററില്‍ ഒരാഴ്ച സിനിമ പ്രദര്‍ശിപ്പിച്ചാല്‍ മാത്രം മതി. ഇന്ന് വലിയ സൗഹൃദങ്ങളിലാണ് ഓരോ സിനിമയും പൂര്‍ത്തിയാക്കപ്പെടുന്നത്. അവരിലൂടെ നല്ല സിനിമയില്‍ താത്പര്യമുള്ള മനുഷ്യര്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചാല്‍ പോലും, നിങ്ങള്‍ ആരുമറിയാതെ നടത്തുന്ന ലക്ഷങ്ങള്‍ തുലച്ചുള്ള പ്രചരണത്തേക്കാള്‍ ആളുകള്‍ അവയെക്കുറിച്ച് അറിയും!
ആദിവാസി ഉന്നമനത്തിനായി സര്‍ക്കാര്‍ നാളിതുവരെ ചെലവഴിച്ച തുകയുടെ പത്തിലൊന്ന് ഉണ്ടായിരുന്നെങ്കില്‍ ഇവിടുത്തെ മുഴുവന്‍ ആദിവാസികള്‍ക്കും സ്വന്തമായി ഭൂമി വിലകൊടുത്തു മേടിക്കാന്‍ തന്നെ സാധിച്ചേനെ എന്ന് പലപ്പോഴും പറയാറുണ്ടല്ലോ. പദ്ധതിത്തുകയുടെ നാലിലൊന്ന് മാത്രം ഗുണഭോക്താക്കള്‍ക്ക് ലഭിക്കുന്ന തട്ടിപ്പാണ് കാലങ്ങളായി ആ മേഖലയില്‍ നടക്കുന്നത്. ഇടനിലക്കാരുടെ സൗഭാഗ്യനിധിയാണ് ഓരോ പദ്ധതിയും. സമാനമാവുകയാണ് സര്‍ക്കാരിന്റെ ഈ അഭിമാന സിനിമാപദ്ധതിയും! അതിനെ സുതാര്യവും ഫലപ്രദവും കൂടുതല്‍ കാലാനുസൃതവും ആക്കേണ്ടിയിരുന്ന ഗംഭീരമായ ഒരു സന്ദര്‍ഭമാണ് കൈയ്യില്‍നിന്നും പോയി, താഴെപൊട്ടിച്ചിതറിപ്പരന്നു ദിവസംകഴിയുന്തോറും ദുര്‍ഗന്ധം വമിപ്പിക്കുന്നത്. ദുസ്സഹം തന്നെ അത്!