ബോക്സ് ഓഫീസിൽ കുതിച്ച് ‘വിത്ത് ലവ്’

ബോക്സ് ഓഫീസിൽ കുതിച്ച് ‘വിത്ത് ലവ്’

മലയാളി താരം അനശ്വര രാജൻ പ്രധാന വേഷത്തിലെത്തിയ തമിഴ് ചിത്രം ‘വിത്ത് ലവ്’ ആഗോള ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്നു. ഫെബ്രുവരി ആറിന് റിലീസ് ചെയ്ത ചിത്രം ആദ്യ നാല് ദിവസത്തിനുള്ളിൽ 10.5 കോടി രൂപയുടെ ആഗോള കളക്ഷൻ നേടിയതായി ട്രേഡിംഗ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നു. തമിഴ്‌നാട്ടിൽ നിന്ന് മാത്രമായി ചിത്രം 7.53 കോടി രൂപ സ്വന്തമാക്കി. സൗന്ദര്യ രജനീകാന്തിന്റെ സിയോൺ ഫിലിംസും എംആർപി എന്റർടെയ്ൻമെന്റും ചേർന്നാണ് ഈ ഫീൽ ഗുഡ് റൊമാന്റിക് എന്റർടൈനർ നിർമ്മിച്ചിരിക്കുന്നത്.

‘ടൂറിസ്റ്റ് ഫാമിലി’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ സംവിധായകൻ അബിഷൻ ജീവിന്ത് ആദ്യമായി നായകനായി അരങ്ങേറ്റം കുറിച്ച ചിത്രം കൂടിയാണിത്. മദൻ സംവിധാനം ചെയ്ത ഈ ചിത്രം പുതുതലമുറയിലെ പ്രണയവും ജീവിതരീതികളുമാണ് പ്രമേയമാക്കിയിരിക്കുന്നത്. ചിത്രത്തിലെ ‘അയ്യോ കാതലേ’ എന്ന ഗാനവും ടൈറ്റിൽ ടീസറും നേരത്തെ തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. ലവർ, ടൂറിസ്റ്റ് ഫാമിലി തുടങ്ങിയ സിനിമകളുടെ അണിയറയിൽ പ്രവർത്തിച്ചവരുടെ സാന്നിധ്യം ചിത്രത്തിന്റെ വിജയത്തിന് കരുത്തേകിയിട്ടുണ്ട്.

യുവപ്രേക്ഷകരെ ആകർഷിക്കുന്ന തരത്തിൽ പ്രണയവും ഹാസ്യവും കോർത്തിണക്കിയാണ് ‘വിത്ത് ലവ്’ ഒരുക്കിയിരിക്കുന്നത്. ഹരിഷ് കുമാർ, കാവ്യാ അനിൽ, സച്ചിൻ നാച്ചിയപ്പൻ തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. അനശ്വര രാജന്റെ തമിഴിലെ വർദ്ധിച്ചുവരുന്ന ജനപ്രീതിയും ചിത്രത്തിന്റെ മികച്ച കളക്ഷന് കാരണമായിട്ടുണ്ട്. വരും ദിവസങ്ങളിലും ചിത്രം കൂടുതൽ കളക്ഷൻ നേടുമെന്നാണ് സിനിമാ മേഖലയിലെ വിലയിരുത്തൽ.

administrator

Related Articles