ചാറ്റ്‌ബോട്ടുകള്‍ അവരുടേതായ ഭാഷ വികസിപ്പിച്ചെടുത്താല്‍ സാങ്കേതിക വിദ്യകള്‍ കൈവിട്ടുപോകാനുള്ള സാധ്യത കൂടുതലാണെന്ന മുന്നറിയിപ്പുമായി എഐയുടെ ഗോഡ്ഫാദര്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ജെഫ്രി ഹിന്റണ്‍. ഈ മുന്നറിയിപ്പിനെ ശാസ്ത്രലോകം വളരെ ഗൗരവത്തോടെയാണ് വീക്ഷിക്കുന്നത്.
നിലവില്‍ എഐ ചിന്തിക്കുന്നത് ഇംഗ്ലീഷിലാണ്, അതിനാല്‍ ഡെവലപ്പര്‍മാര്‍ക്കും അവരെന്താണ് ചിന്തിക്കുന്നതെന്ന് മനസിലാക്കാനും ട്രാക്ക് ചെയ്യാനും സാധിക്കും. പക്ഷേ ഏതെങ്കിലും ഒരു പോയിന്റില്‍ മനുഷ്യര്‍ക്ക് എഐ എന്താണ് പദ്ധതിയിടുന്നതെന്ന് മനസിലാക്കാന്‍ കഴിയാതെ പോകാമെന്നും ഹിന്റണ്‍ ചൂണ്ടിക്കാട്ടി.
എഐകള്‍ പരസ്പരം സംസാരിക്കാനായി സ്വന്തമായൊരു ഭാഷ വികസിപ്പിച്ചാല്‍ അത് ഭയാനകമായിരിക്കുമെന്നും വണ്‍ ഡിസിഷന്‍ എന്ന പോഡ്കാസ്റ്റില്‍ അദ്ദേഹം പറയുന്നുണ്ട്. മാത്രമല്ല അവര്‍ സ്വന്തമായൊരു ഭാഷ വികസിപ്പിച്ചാല്‍ അത് തന്നെ ആശ്ചര്യപ്പെടുത്തില്ല, പക്ഷേ അവരെന്താണ് ചിന്തിക്കുന്നതെന്ന് നമുക്ക് ഒരു ഐഡിയയുമുണ്ടാക്കില്ലെന്നും ഹിന്റണ്‍ വിശദീകരിക്കുന്നുണ്ട്. മനുഷ്യന് പിന്തുടരാനോ വിശദമായി മനസിലാക്കി എടുക്കാനോ കഴിയാത്ത രീതിയിലുള്ള ചിന്തകള്‍ മെഷീനുകള്‍ക്ക് കഴിയില്ലെന്ന് ചിന്തിക്കാതിരിക്കരുത്. മോശമായ അല്ലെങ്കില്‍ ഭീകരമായ ചിന്തകള്‍ അവയ്ക്കുണ്ടാവാമെന്ന കാര്യങ്ങള്‍ മുമ്പ് തന്നെ പലയിടത്തും പ്രദര്‍ശിപ്പിക്കപ്പെട്ടിട്ടുണ്ട്.
ഇന്ന് ശാരീരികമായ ശക്തിയില്‍ മാത്രമല്ല ബുദ്ധിശക്തിയിലും മനുഷ്യനെ പിന്തള്ളി എഐ മുന്നേറാം. നമ്മളെക്കാള്‍ ബുദ്ധിയുള്ള ഒരു വിഭാഗത്തെ എങ്ങനെ നേരിടുമെന്ന് നമുക്ക് ഇതുവരെ മനസിലാക്കാന്‍ കഴിഞ്ഞിട്ടില്ല, കാരണം അത്തരമൊരു അവസ്ഥയിലൂടെ നമ്മള്‍ കടന്നുപോയിട്ടില്ലെന്ന് അദ്ദേഹം ഓര്‍മിപ്പിക്കുന്നുണ്ട്. എല്ലാ നിയന്ത്രണവും അവരുടെ കീഴിലാവുമ്പോള്‍ ഉണ്ടാകുന്ന അനന്തരഫലങ്ങളെ കുറിച്ച് തനിക്ക് ആകുലതയുണ്ട്. അതിനാല്‍ സര്‍ക്കാര്‍ ഇത്തരം ടെക്‌നോളജിയുടെ ഉപയോഗവുമായി ബന്ധപ്പെട്ട് നിയമങ്ങള്‍ രൂപീകരിക്കണമെന്ന് ശക്തമായി വാദിക്കുന്നുമുണ്ട് ഹിന്റണ്‍. എഐ ചാറ്റ്‌ബോട്ടുകള്‍ ചിന്തകള്‍ ഹാലൂസിനേറ്റ് ചെയ്യുന്ന സംഭവങ്ങള്‍ തുടര്‍ക്കഥയായതിന് പിന്നാലെയാണ് അദ്ദേഹം മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. ഇതെങ്ങനെ സംഭവിക്കുന്നുവെന്ന് കമ്പനിക്ക് തന്നെ മനസിലാക്കാനും കഴിയുന്നില്ലെന്നായിരുന്നു വിശദീകരണം.