മള്‍ട്ടി അക്കൗണ്ട് ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി വാട്സ്ആപ്പ്. അക്കൗണ്ടുകള്‍ ഒരേ സമയം ലോഗിന്‍ ചെയ്യാനും മാറിമാറി ഉപയോഗിക്കാനും ഇനി കഴിയും. ഐഒഎസ് ഉപഭോക്താക്കള്‍ക്കായാണ് ഈ ഫീച്ചര്‍ എത്തിക്കുന്നത്. നേരത്തെ തന്നെ ടെലഗ്രാമില്‍ ഉണ്ടായിരുന്ന ഫീച്ചറാണിപ്പോള്‍ വാട്സ്ആപ്പില്‍ എത്തിയിരിക്കുന്നത്. നിലവില്‍ പരീക്ഷണഘട്ടത്തിലുള്ള ഫീച്ചര്‍ ബീറ്റ ഉപഭോക്താക്കള്‍ക്ക് ലഭിക്കും.
ഈ ഫീച്ചര്‍ എത്തുന്നതോടെ വാട്സ്ആപ്പ് ലിസ്റ്റ് എന്ന പുതിയ ഓപ്ഷന് കൂടി ആപ്പില്‍ ലഭിക്കും. രണ്ട് അക്കൗണ്ടുകളാണ് പരമാവധി ലോഗിന്‍ ചെയ്യാന്‍ കഴിയുക. രണ്ടാമത് ലോഗിന്‍ ചെയ്യുന്ന അക്കൗണ്ട് ഒന്നുകില്‍ മറ്റൊരിടത്ത് ലോഗിന്‍ ചെയ്തതോ വാട്സാപ്പ് ബിസിനസ് അക്കൗണ്ടോ ആയിരിക്കണം.
വാട്സ്ആപ്പിലെ ഓരോ അക്കൗണ്ടിനും അതിന്റേതായ ചാറ്റ് ഹിസ്റ്ററി, ബാക്കപ്പുകള്‍, പ്രൈവസി സെറ്റിങ്സുകള്‍ എന്നിവ ഉണ്ടായിരിക്കും. രണ്ട് അക്കൗണ്ടുകളിലേക്കും വരുന്ന നോട്ടിഫിക്കേഷനും തരംതിരിച്ച് അറിയാന്‍ കഴിയും. ഓരോ അക്കൗണ്ടും അതിന്റേതായ ഐഡന്റിറ്റി നിലനിര്‍ത്തും. ഓരോ തവണയും ലോഗ് ഔട്ട് ചെയ്യുകയോ ആപ്പ് വീണ്ടും പുനരാരംഭിക്കുകയോ ചെയ്യേണ്ട ആവശ്യം ഉണ്ടാകില്ല. ഉടന്‍ എല്ലാ ഐഒഎസ് ഉപഭോക്താക്കള്‍ക്കും ഈ ഫീച്ചര്‍ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

