അതിജീവിതയ്ക്ക് ഐക്യദാർഢ്യവുമായി WCC

അതിജീവിതയ്ക്ക് ഐക്യദാർഢ്യവുമായി WCC

കേരള മനസാക്ഷിയെ നടുക്കിയ നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ഒമ്പത് വർഷം തികയുന്ന വേളയിൽ, അതിജീവിതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ‘വിമൺ ഇൻ സിനിമ കളക്ടീവ്’ (WCC) മെഴുകുതിരി തെളിക്കൽ കൂട്ടായ്മ സംഘടിപ്പിക്കുന്നു. 2017 ഫെബ്രുവരി 17-നായിരുന്നു സിനിമാ ലോകത്തെയും പൊതുസമൂഹത്തെയും ഒരുപോലെ ഞെട്ടിച്ച ആ സംഭവം നടന്നത്. ഈ പോരാട്ടത്തിൽ അതിജീവിതയ്ക്കൊപ്പം നിന്നവർക്കും പിന്തുണ നൽകിയവർക്കും നന്ദി അറിയിച്ചുകൊണ്ടാണ് WCC ഈ പരിപാടി ഒരുക്കുന്നത്.

2026 ഫെബ്രുവരി 17ന് കോഴിക്കോട് മാനാഞ്ചിറ ഓപ്പൺ സ്റ്റേജ്, കൊച്ചി അബ്ദുൾ കലാം മാർഗ് (മറൈൻ ഡ്രൈവ്) തിരുവനന്തപുരം മാനവീയം വീഥി എന്നിവിടങ്ങളിൽ ആറ് മണിക്കാണ് ഇത് സംഘടിപ്പിക്കുന്നത്. ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് വിമൺ ഇൻ സിനിമ കളക്ടീവ് ഇത് അറിയിച്ചത്. “ഇരുട്ടിന്റെ മറനീക്കി നമുക്ക് വെളിച്ചത്തിന്റെ തിരി തെളിക്കാം” എന്ന ആഹ്വാനത്തോടെയാണ് സോഷ്യൽ മീഡിയയിലൂടെ WCC എല്ലാവരെയും ഈ യാത്രയുടെ ഭാഗമാകാൻ ക്ഷണിച്ചിരിക്കുന്നത്. കഴിഞ്ഞ ഒമ്പത് വർഷമായി ഇരയാക്കപ്പെട്ടവരെ അതിജീവിച്ചവരാക്കി മാറ്റുന്നതിൽ ‘അവൾക്കൊപ്പം’ എന്ന പ്രസ്ഥാനം വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്ന് സംഘടന ഫേസ്ബുക്കിൽ കുറിച്ചു.

administrator

Related Articles