ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത ലോക ചാപ്റ്റര്‍ 1: ചന്ദ്ര എന്ന ചിത്രത്തിലെ ഡയലോഗ് കര്‍ണാടകയിലെ ജനങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തിയെന്ന വിമര്‍ശനത്തിന് പിന്നാലെ മാപ്പ് ചോദിച്ച് നിര്‍മാതാക്കളായ വേഫെയറര്‍ ഫിലിംസ്. വിവാദമായ ഡയലോഗ് ഉടന്‍ തന്നെ സിനിമയില്‍ നിന്ന് നീക്കം ചെയ്യുമെന്നും പ്രൊഡക്ഷന്‍ ഹൗസ് അറിയിച്ചു. സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിലായിരുന്നു അറിയിപ്പ്.
‘ലോക ചാപ്റ്റര്‍ 1 : ചന്ദ്ര എന്ന ഞങ്ങളുടെ സിനിമയിലെ ഒരു കഥാപാത്രം പറഞ്ഞ ഡയലോഗിലൂടെ മനപൂര്‍വമല്ലെങ്കിലും കര്‍ണാടകയിലെ ജനങ്ങളുടെ വികാരം വ്രണപ്പെട്ടുവെന്ന് അറിയാന്‍ സാധിച്ചു. വേഫെയറര്‍ ഫിലിംസില്‍ ഞങ്ങള്‍ ആളുകള്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്. ഈ വിഷയത്തില്‍ ഞങ്ങള്‍ ഖേദം അറിയിക്കുകയും മോശമായ രീതിയില്‍ ഒന്നും ഉദ്ദേശിച്ചിട്ടില്ലെന്ന് ഉറപ്പ് തരുകയും ചെയ്യുന്നു. ആ ഡയലോഗ് സിനിമയില്‍ നിന്ന് ഉടന്‍ തന്നെ എഡിറ്റ് ചെയ്ത് മാറ്റുമെന്ന് അറിയിക്കുന്നു. ഞങ്ങള്‍ ഉണ്ടാക്കിയ വേദനയ്ക്ക് ആത്മാര്‍ത്ഥമായി മാപ്പ് ചോദിക്കുന്നു. ഞങ്ങളുടെ ക്ഷമാപണം ദയവായി സ്വീകരിക്കണം’, എന്നാണ് നിര്‍മാതാക്കള്‍ കുറിച്ചത്.
ബംഗളൂരുവിനെ മയക്കുമരുന്നിന്റെ നഗരം എന്ന് വിശേഷിപ്പിച്ചതിനെതിരെയാണ് പ്രതിഷേധം ഉയര്‍ന്നതെന്നാണ് സൂചന. ഈ ഡയലോഗിനെ തുടര്‍ന്ന് വിമര്‍ശനം ശക്തമായ സാഹചര്യത്തിലാണ് നിര്‍മാതാക്കള്‍ കുറിപ്പുമായി രംഗത്തെത്തിയത്.