സിനിമാ ലോകം ഉറ്റുനോക്കുന്ന ഏറ്റെടുക്കല്‍ യുദ്ധത്തില്‍ വഴിത്തിരിവ്. പ്രമുഖ ഹോളിവുഡ് സ്റ്റുഡിയോ ആയ വാര്‍ണര്‍ ബ്രോസ് ഡിസ്‌കവറി ഏറ്റെടുക്കാന്‍ എതിരാളികളായ പാരമൗണ്ട് മുന്നോട്ട് വെച്ച 108 ബില്യണ്‍ ഡോളറിന്റെ (ഏകദേശം 9.7 ലക്ഷം കോടി) ഓഫര്‍ വാര്‍ണര്‍ ബ്രദേഴ്‌സ് നിരസിച്ചു. നെറ്റ്ഫ്‌ലിക്‌സ് മുന്നോട്ട് വെച്ച 72 ബില്യണ്‍ ഡോളറിന്റെ ഡീലാണ് കമ്പനിയുടെ താല്പര്യങ്ങള്‍ക്ക് അനുയോജിച്ച ഓഫര്‍ എന്ന് ബോര്‍ഡ് തീരുമാനം എടുത്തതിനെ തുടര്‍ന്നാണ് പാരമൗണ്ടിന്റെ നീക്കം തള്ളിപ്പോയത്.
ഒക്ടോബറിലാണ് ഹോളിവുഡിന്റെ ചരിത്രമെഴുതിയ സിനിമാ സ്റ്റുഡിയോകളില്‍ ഒന്നായ വാര്‍ണര്‍ ബ്രോസ് ഡിസ്‌കവറിയെ ‘വില്പന’ക്ക് വച്ചത്. ഉടന്‍ അവസരം പാഴാക്കാതെ കളത്തിലിറങ്ങിയ നെറ്റ്ഫ്‌ലിക്‌സ് ശതകോടികള്‍ എറിഞ്ഞതോടെ, ഡിസംബര്‍ 5 ന്, വാര്‍ണര്‍ ബ്രദേഴ്‌സ് തങ്ങളുടെ ഫിലിം, സ്ട്രീമിംഗ് ബിസിനസുകള്‍ നെറ്റ്ഫ്‌ലിക്‌സിന് വില്‍ക്കാന്‍ തീരുമാനിച്ചതായി അറിയിച്ചു.
പാരമൗണ്ടിന്റെ ഓഫറിന് വിശ്വാസ്യത പോരെന്നും നഷ്ട സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയ വാര്‍ണര്‍ ബ്രോസ് ബോര്‍ഡ്, ഡീലിന് പിന്നില്‍ സാമ്പത്തിക പിന്തുണ നല്‍കാന്‍ തയ്യാറായ ശതകോടീശ്വരന്‍ ലാറി എല്ലിസണിന്റെ വാക്കാലുള്ള ഉറപ്പില്ലാത്തതും കൂടി മുഖവിലക്കെടുത്താണ് ഓഫറില്‍ നിന്നും പിന്മറുന്നത് എന്നാണ് വിവരം. വാര്‍ണറിനെ പാരമൗണ്ട് ഏറ്റെടുക്കുന്നത് കാണാന്‍ ഒരുങ്ങി നിന്ന ആരാധകര്‍ ഇതോടെ നിരാശരായിട്ടുണ്ട്. നെറ്റ്ഫ്‌ലിക്‌സ് പോലൊരു സ്ട്രീമിങ് പ്ലാറ്റ്‌ഫോം ഒരു ഹോളിവുഡ് സ്റ്റുഡിയോയെ ഏറ്റെടുക്കുമ്പോള്‍, ഉള്ളടക്കത്തില്‍ ഉണ്ടാകാന്‍ പോകുന്ന മാറ്റങ്ങളാണ് ആരധകരുടെ ആശങ്കയ്ക്ക് കാരണം.

