കെ.എസ്.എഫ്.ഡി.സി.യുടെ നിര്‍മ്മാണത്തില്‍ ശിവരഞ്ജിനി രചനയും സംവിധാനവും എഡിറ്റിംഗും നിര്‍വഹിച്ച മലയാള ചിത്രം ‘വിക്ടോറിയ’ നവംബര്‍ 28ന് കേരളത്തിലെ തിയറ്ററുകളിലെത്തും. അന്താരാഷ്ട്ര തലത്തില്‍ നിരവധി ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിക്കുകയും പുരസ്‌കാരങ്ങള്‍ നേടുകയും ചെയ്ത ചിത്രമാണിത്. ഒരു ബ്യൂട്ടിപാര്‍ലര്‍ ജോലിക്കാരിയായ വിക്ടോറിയയുടെ ജീവിതമാണ് ചിത്രം പറയുന്നത്. കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച മീനാക്ഷി ജയന്, ചൈനയിലെ പ്രശസ്തമായ ഷാങ്ഹായ് ഫെസ്റ്റിവലിലെ ഗോള്‍ഡന്‍ ഗ്ലോബറ്റ് ഏഷ്യന്‍ ടാലന്റ് മത്സര വിഭാഗത്തില്‍ മികച്ച നടിക്കുള്ള പുരസ്‌കാരം നേടിക്കൊടുത്ത പ്രകടനമാണ് ചിത്രത്തിലേത്.
മീനാക്ഷി ജയനെ കൂടാതെ ശ്രീഷ്മ ചന്ദ്രന്‍, ജോളി ചിറയത്ത്, ദര്‍ശന വികാസ്, സ്റ്റീജ മേരി ചിറയ്ക്കല്‍, ജീന രാജീവ്, രമാ ദേവി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ചൈനയിലെ ഷാങ്ഹായ് ഫെസ്റ്റിവലിലേക്ക് ഇന്ത്യയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഏക ചിത്രമായ ‘വിക്ടോറിയ’, ഐ.എഫ്.എഫ്.കെ 2024ല്‍ മികച്ച നവാഗത സംവിധായികയ്ക്കുള്ള ഫിപ്രസ്‌കി പുരസ്‌കാരം നേടിയിരുന്നു. കേരള സര്‍ക്കാരിന്റെ സ്ത്രീശാക്തീകരണ പദ്ധതിയുടെ ഭാഗമായി, കെ.എസ്.എഫ്.ഡി.സി. വനിതാ സംവിധായകര്‍ക്കായി ഒരുക്കിയ സംരംഭത്തിലാണ് ‘വിക്ടോറിയ’ നിര്‍മ്മിക്കപ്പെട്ടത്. ആനന്ദ് രവിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. അഭയദേവ് പ്രഫുല്‍ സംഗീതവും ബിലു സി. നാരായണന്‍ ഗാനരചനയും നിര്‍വഹിച്ചു.

