ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപകാരപ്രദമായ കാര്യങ്ങള്‍ക്ക് നമ്മെ സഹായിക്കുന്നുണ്ടെങ്കിലും മറുഭാഗത്ത് നിരവധി ആശങ്കകളും എഐയില്‍ നിന്നുണ്ടാകുന്നുണ്ട്. ഈയിടെ അത്തരം നിരവധി സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. പ്രത്യേകിച്ചും കുട്ടുകളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍.
ഇപ്പോഴിതാ കുട്ടികളെ അപകടത്തിലാക്കുന്ന എഐ ടെക് ഭീമന്മാര്‍ക്കെതിരെ കര്‍ശന നിലപാട് സ്വീകരിച്ചു തുടങ്ങിയിരിക്കുകയാണ് അമേരിക്ക. എഐയെ കുറിച്ചുള്ള ആശങ്കകള്‍ പങ്കുവെച്ച് അമേരിക്കയിലെ 44 സംസ്ഥാനങ്ങളുടെയും അറ്റോര്‍ണി ജനറല്‍മാര്‍ ലോകത്തിലെ മുന്‍നിര എഐ കമ്പനികള്‍ക്ക് ഒരു സംയുക്ത കത്തെഴുതി.
ഗൂഗിള്‍, മൈക്രോസോഫ്റ്റ്, ഓപ്പണ്‍എഐ, എക്‌സ്എഐ, മെറ്റ തുടങ്ങിയ കമ്പനികള്‍ക്കാണ് അറ്റോര്‍ണി ജനറലിന്റെ ഈ കത്ത്. എഐ ചാറ്റ്‌ബോട്ടുകളില്‍ നിന്ന് കുട്ടികളെ സുരക്ഷിതമായി സൂക്ഷിക്കുക, അല്ലാത്തപക്ഷം ഗുരുതരമായ നിയമ പ്രത്യാഘാതങ്ങള്‍ നേരിടാന്‍ തയ്യാറാകുക എന്ന് ഈ കത്തില്‍ അധികൃതര്‍ വ്യക്തമാക്കി. കുട്ടികളെ അപകടത്തില്‍ നിന്ന് സംരക്ഷിക്കുക എന്നത് യാതൊരുവിധത്തിലും വിട്ടുവീഴ്ചയും ചെയ്യാനാവാത്ത കാര്യമാണെന്ന് നാഷണല്‍ അസോസിയേഷന്‍ ഓഫ് അറ്റോര്‍ണി ജനറല്‍ (എന്‍എഎജി) കത്തില്‍ വ്യക്തമാക്കി.