ചൈനയില്‍ നിര്‍മിച്ച ദശലക്ഷക്കണക്കിന് ഇലക്ട്രോണിക് ഉപകരണങ്ങളുടെ വില്‍പ്പനയ്ക്ക് നിരോധനം ഏര്‍പ്പെടുത്തി അമേരിക്ക. ചൈനീസ് സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മിച്ച ഈ ഉപകരണങ്ങള്‍ രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്നും അമേരിക്കന്‍ പൗരന്മാരെ നിരീക്ഷിക്കാന്‍ ബെയ്ജിങ് ഉപയോഗിച്ചേക്കാമെന്നുമാണ് ഫെഡറല്‍ കമ്മ്യൂണിക്കേഷന്‍സ് കമ്മിഷന് (എഫ്സിസി) നല്കുന്ന മുന്നറിയിപ്പ്.
സുരക്ഷാ ക്യാമറകള്‍, സ്മാര്‍ട്ട് വാച്ചുകള്‍ തുടങ്ങി ഹുവായ്, ഹാങ്സൗ ഹൈക്ക്വിഷന്, സെഡ്ടിഇ, ഡാഹുവ ടെക്നോളജി തുടങ്ങിയ പ്രമുഖ ചൈനീസ് ടെക് ഭീമന്മാരുടെ ഉല്‍പ്പന്നങ്ങള്‍ക്കാണ് വിലക്ക്. ഈ ഉപകരണങ്ങള്‍ അമേരിക്കന്‍ പൗരന്മാരെ നിരീക്ഷിക്കാനും, രാജ്യത്തെ വിവരക്കൈമാറ്റം താറുമാറാക്കാനും ചൈനയ്ക്ക് അവസരം നല്‍കുമെന്നാണ് എഫ്സിസി ചെയര്മാന് ബ്രെന്‍ഡന്‍ കാര്‍ വ്യക്തമാക്കിയിരിക്കുന്നത്. മുന്നറിയിപ്പ് പുറത്തിറങ്ങിയതിന് പിന്നാലെ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ നിന്ന് ദശലക്ഷക്കണക്കിന് ചൈനീസ് ഉല്‍പ്പന്നങ്ങള്‍ നീക്കം ചെയ്തതായും അദ്ദേഹം അറിയിച്ചു.
ചൈനീസ് കമ്പനികള്‍ക്കെതിരെ എഫ്സിസി ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങള്‍ സ്ഥാപിക്കാനുള്ള കൃത്യമായ തെളിവുകളൊന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഈ സാഹചര്യത്തില്‍ ഈ നീക്കം കേവലം സുരക്ഷാപരമായ നടപടി എന്നതിലുപരിയായി കൂടുതല്‍ വഷളായിക്കൊണ്ടിരിക്കുന്ന അമേരിക്ക-ചൈന വ്യാപാര സംഘര്‍ഷത്തിന്റെ ഭാഗമായി കാണാമോ എന്ന സംശയം സാമ്പത്തിക വിദഗ്ധര്‍ക്കിടയില്‍ ശക്തമാണ്. ടെലകോം, സെമികണ്ടക്ടര്‍, വാഹന നിര്‍മ്മാണ മേഖലകളിലെ ചൈനീസ് കമ്പനികള്‍ക്ക് ഇത് വലിയ തിരിച്ചടിയാണ്.
പല ചൈനീസ് ഉല്‍പ്പന്നങ്ങളും കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്നതിനാല്‍ അമേരിക്കന്‍ പൗരന്മാര് ആകര്‍ഷിക്കപ്പെട്ടേക്കാം. ഇത് രാജ്യത്ത് ചൈനീസ് സാങ്കേതികവിദ്യ വ്യാപിക്കുന്നതിനെ തടയുക എന്ന കൃത്യമായ ലക്ഷ്യം അമേരിക്കയ്ക്കുണ്ടെന്നാണ് സൂചന. ചൈനീസ് നിരീക്ഷണവുമായി ബന്ധപ്പെട്ട് നിലവില്‍ നടന്നു കൊണ്ടിരിക്കുന്ന പല അന്വേഷണങ്ങളുടെയും ഫലം പുറത്തു വരുന്നതോടെ കൂടുതല്‍ നിരോധന നടപടികള്‍ ഉണ്ടാകാനും സാധ്യതയുണ്ട്.
അതേസമയം തങ്ങളുടെ ഉപകരണങ്ങള്‍ വഴി ഒരു തരത്തിലുള്ള നിരീക്ഷണവും നടക്കുന്നില്ലെന്ന് ഹുവായ് ഉള്‍പ്പെടെയുള്ള കമ്പനികള്‍ അവകാശപ്പെടുന്നു. ഉപകരണങ്ങളുടെ സുരക്ഷാ മാനദണ്ഡങ്ങള്‍ ലോകോത്തര സുരക്ഷാ വിദഗ്ധര്‍ പരിശോധിച്ചുറപ്പിച്ചതാണെന്നും, ഉപയോക്താക്കളെക്കുറിച്ചുള്ള ഒരു വിവരവും ഒരു ഗവണ്മെന്റിനും നല്‍കുന്നില്ലെന്നും ഹുവായ് വ്യക്തമാക്കി.

