ടി വി കാണുന്നവർ കുറയുന്നു- പരിഷത്ത് കേരള പഠനം 2.0

ടി വി കാണുന്നവർ കുറയുന്നു- പരിഷത്ത് കേരള പഠനം 2.0

കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ രണ്ടാം കേരള പഠനത്തിലുള്ള ഡാറ്റ ഇപ്പോള്‍ മാധ്യമരംഗത്തും സോഷ്യല്‍മീഡയയിലും ഏറെ ചര്‍ച്ച ചെയ്യപ്പെടുകയാണു്. ടെലിവിഷന്‍ കാണുന്ന സത്രീകളുടെയും യുവാക്കളുടെയും എണ്ണത്തില്‍ വലിയ കുറവ് വന്നുവെന്നാണ് പരിഷത്ത് കേരളപഠനം 2.0 വ്യക്തമാക്കുന്നത്. പുരുഷന്മാരില്‍ 51 ശതമാനവും സ്ത്രീകളില്‍ 9.2 ശതമാനവും യുവാക്കളില്‍ 3.3 ശതമാനം ആളുകളുമാണ് ടിവി ചാനലിലെ വാര്‍ത്താധിഷ്ഠിത പരിപാടികൾ കാണുന്നത്. ചെറുപ്പക്കാരില്‍ കൂടുതല്‍ പേരും വാര്‍ത്തകള്‍ അറിയാന്‍ ടിവിയെക്കാള്‍ കൂടുതല്‍ ആശ്രയിക്കുന്നത് ഇന്റര്‍നെറ്റിനെയാ ണെന്നും പരിഷത്ത് കേരളപഠനം 2.0 പറയുന്നു.
എല്ലാ വാരത്തിലും മലയാള വാര്‍ത്താ മാധ്യമങ്ങളുടെ ചാനല്‍ റേറ്റിങുമയി ബന്ധപ്പെട്ടുള്ള വലിയ അവകാശവാദങ്ങളും ചർച്ചയും ഉയര്‍ന്നു കേള്‍ക്കുന്ന സാഹചര്യത്തില്‍ കേരള ശാസ്ത്രസാഹിത്യപരിഷത്തിന്റെ ഈ കണ്ടെത്തലുകള്‍ക്ക് വലിയ പ്രസക്തിയുണ്ട്.

പത്രം, ചാനൽ; മറ്റു കണ്ടെത്തലുകൾ

  • പത്രങ്ങള്‍ക്ക് കേരളീയ പൊതുസമൂഹത്തിലുണ്ടായിരുന്ന സ്വാധീനം ഏറെക്കുറെ ഇല്ലാതായിക്കൊണ്ടിരിക്കുന്നുവെന്ന് കേരള പഠനം 2.0 പറയുന്നു.
  • എന്നാലും പത്രം വരുത്തുന്നവരുടെ എണ്ണത്തില്‍ നേരിയ വര്‍ധനവുണ്ടായിട്ടുണ്ട്.
  • 2004 ലെ പഠനമനുസരിച്ച് പത്രം വരുത്തുന്നവര്‍ 48.2 ശതമാനമായിരുന്നു. അത് 2019ലെത്തുമ്പോള്‍ 50.3 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്.
  • 2004ല്‍ 59 ശതമാനം വീടുകളിലാണ് ടെലിവിഷന്‍ ഉണ്ടായിരുന്നത്. 2019ല്‍ 81.3 ശതമാനം വീടുകളായി ഉയര്‍ന്നു. – റേഡിയോ ഉപയോഗം 64.3 ശതമാനത്തില്‍നിന്ന് 19.3 ശതമാനമായി കുറഞ്ഞു.
  • അതി ദരിദ്ര വിഭാഗത്തില്‍ 5.3 ശതമാനം പേരായിരുന്നു 2004ല്‍ കേബിള്‍ ടിവി ഉപയോഗിച്ചിരുന്നത്. 2019ല്‍ ഇത് 72.4 ശതമാനമായി ഉയര്‍ന്നു.
  • കേരളീയര്‍ക്കിഷ്ടം മലയാളം ചാനലുകള്‍ തന്നെയാണെന്നും പരിഷത്ത് പഠനം വ്യക്തമാക്കുന്നു. മാത്രമല്ല ഇംഗ്ലീഷ് ചാനലുകളുടെ സ്വാധീനം കുറഞ്ഞതായും നിരീക്ഷിക്കുന്നു.
  • 97 ശതമാനം മലയാളം ടിവി കാണുമ്പോള്‍ ഇംഗ്ലീഷ് ചാനലുകള്‍ കാണുന്നത് 1.9 ശതമാനം മാത്രമാണ്.
  • 62.4 ശതമാനം സ്ത്രീകളുടെയും ഏറ്റവും പ്രിയപ്പെട്ട ടെലിവിഷന്‍ പരിപാടി സീരിയല്‍ തന്നെ.
  • സ്‌പോര്‍ട്‌സ് പ്രേക്ഷകരുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനവില്ല.
  • ടെലിവിഷനിലെ വിവരാധിഷ്ഠിത പരിപാടികള്‍ പൊതുവേ മലയാളികളെ ആകര്‍ഷിക്കുന്നില്ല.
  • 18.4 ശതമാനം പേരില്‍ കോമഡി പരിപാടികള്‍ക്ക് സ്വാധീനമുണ്ടെന്നും വിലയിരുത്തുന്നു.
administrator

Related Articles