ഇന്ത്യയില്‍ വര്‍ധിച്ചുവരുന്ന സ്പാം കോളുകള്‍, വ്യാജ സന്ദേശങ്ങള്‍, ഡിജിറ്റല്‍ തട്ടിപ്പുകള്‍ എന്നിവ തടയുന്നതിന് നടപടിയുമായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്). തട്ടിപ്പുകള്‍ക്കും സ്പാം കോളുകള്‍ക്കുമെതിരായ നടപടികളുടെ ഭാഗമായി കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ട്രായ് 2.1 ദശലക്ഷം മൊബൈല്‍ നമ്പറുകള്‍ നിരോധിക്കുകയും വ്യാജ എസ്എംഎസുകളും കോളുകളും തുടര്‍ച്ചയായി അയച്ചിരുന്ന ഒരു ലക്ഷത്തോളം സ്ഥാപനങ്ങളെ കരിമ്പട്ടികയില്‍പ്പെടുത്തുകയും ചെയ്തു. ഇതുവരെ സ്വീകരിച്ചതില്‍ വച്ച് ഏറ്റവും വലിയ നടപടിയാണിത്. സൈബര്‍ തട്ടിപ്പ് നടത്തുന്നവരെ മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ ബ്ലോക്ക് ചെയ്യുക മാത്രമല്ല, ഔദ്യോഗിക ട്രായ് ഡിഎന്‍ഡി ആപ്പ് വഴി സ്പാം കോളുകളും എസ്എംഎസും റിപ്പോര്‍ട്ട് ചെയ്യണമെന്നും ട്രായ് പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു.
കഴിഞ്ഞ വര്‍ഷം കെവൈസി, ബാങ്ക് അപ്ഡേറ്റുകള്, വ്യാജ ഓഫറുകള്‍, സര്‍ക്കാര്‍ തിരിച്ചറിയല്‍ രേഖകള്‍ എന്നിവ വാഗ്ദാനം ചെയ്ത് ആളുകളെ കബളിപ്പിക്കാന്‍ ശ്രമിച്ച കോളര്മാര്ക്കെതിരെയാണ് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ ഈ നടപടി പ്രത്യേകമായി സ്വീകരിച്ചത്. അതേസമയം, ഒരു ഫോണ്‍ നമ്പര്‍ ബ്ലോക്ക് ചെയ്യുന്നതുകൊണ്ട് മാത്രം ഈ തട്ടിപ്പുകാരെ തടയാന്‍ സാധിക്കില്ലെന്ന് ട്രായ് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഫോണ്‍ നമ്പറുകള്‍ വഴി തട്ടിപ്പിന് ഇരയാകുന്നവര്‍ ട്രായ് DND (Do Not Disturb) ആപ്പില്‍ പരാതി നല്‍കണം. ഈ പ്രധാന നടപടിയുടെ പ്രാഥമിക കാരണം ഈ റിപ്പോര്‍ട്ടിംഗാണ്. പരാതിക്കാര്‍ രേഖപ്പെടുത്തുന്ന ഫോണ്‍ നമ്പറിന്റെ പ്രവര്‍ത്തനങ്ങള്‍ ട്രായ് അന്വേഷിക്കുകയും തട്ടിപ്പ് കണ്ടെത്തിയാല്‍, ആ നമ്പര്‍ എന്നെന്നേക്കുമായി വിച്ഛേദിക്കുകയും ചെയ്യും.

