യുഎസ് നിക്ഷേപകരുമായി ഒത്തുതീര്‍പ്പിലെത്തി ടിക് ടോക് ഉടമകള്‍. ടിക്ടോക്കിന്റെ ചൈനീസ് ഉടമയായ ബൈറ്റ് ഡാന്‍സ് ആപ്പിന്റെ പ്രവര്‍ത്തനങ്ങളുടെ നിയന്ത്രണം അമേരിക്കന്‍ ആഗോള നിക്ഷേപകര്‍ക്ക് കൈമാറുന്നതിനുള്ള കരാറില്‍ ഒപ്പുവച്ചു. ടിക് ടോകിന്റെ പകുതിയിലേറെ ഉടമസ്ഥാവകാശം ഓറക്കിള്‍, സില്‍വര്‍ ലേക്ക്, എംജിഎക്സ് എന്നിവര്‍ക്ക് കൈമാറുവാനുള്ള കരാറിലാണ് ടിക് ടോക് ഒപ്പുവച്ചത്. ഇതോടെ അമേരിക്കയില്‍ വീണ്ടും വീഡിയോ പ്ലാറ്റ്ഫോമായ ടിക് ടോക് പ്രവര്‍ത്തനം ആരംഭിച്ചേക്കും.
കരാര്‍ പ്രകാരം ടിക് ടോക്കിന്റെ 50 ശതമാനം ഓഹരികള്‍ പുതിയ നിക്ഷേപകര്‍ക്കായിരിക്കും. ജനുവരി 22നാണ് ഇത് സംബന്ധിച്ച കരാര്‍ പ്രാബല്യത്തില്‍ വരിക. ഇതോടെ ടിക് ടോക്കിന്റെ അല്‍ഗോരിതം നിയന്ത്രിക്കാന്‍ ചൈനീസ് കമ്പനിക്ക് പുറമേ അമേരിക്കന്‍ കമ്പനിക്കും സാധിക്കും. അമേരിക്കയുടെ സുരക്ഷയ്ക്ക് ഭീഷണിയെന്ന് ചൂണ്ടിക്കാണിച്ചാണ് ടിക് ടോക് നിരോധിക്കാന്‍ അമേരിക്കന്‍ കോണ്‍ഗ്രസ് 2024 ല്‍ തീരുമാനിച്ചത്.
കരാറനുസരിച്ച് ബൈറ്റ് ഡാന്‍സ് ബിസിനസിന്റെ 19.9% നിലനിര്‍ത്തുമ്പോള്‍ അമേരിക്കന്‍ കമ്പനികള്‍ 15% ഓഹരി വീതം കൈയാളും. ബാക്കി ഉള്ള 30.1% ബൈറ്റ് ഡാന്‍സിന് കീഴിലുള്ള അംഗീകൃത നിക്ഷേപകരുടെ അനുബന്ധ സ്ഥാപനങ്ങള്‍ക്ക് കീഴിലാവും.
തുടര്‍ച്ചയായി കാലതാമസം നേരിട്ട ശേഷമാണ് കരാര്‍ നിലവില്‍ വരുന്നത്.2024 ഏപ്രിലില്‍, ജോ ബൈഡന്റെ ഭരണകാലത്താണ് ദേശീയ സുരക്ഷാ കാരണങ്ങളാല്‍ ആപ്പ് നിരോധിക്കുന്നതിനുള്ള നിയമം യുഎസ് കോണ്‍ഗ്രസ് പാസാക്കിയത്. 2025 ജനുവരി 20 മുതല്‍ നിയമം പ്രാബല്യത്തില്‍ വരുമെന്ന് കരുതിയിരുന്നെങ്കിലും ഇത് പിന്നീട് പല തവണയായി മാറ്റി വെക്കുകയായിരുന്നു.
ഒക്ടോബറില്‍ ട്രംപും ഷീ ജിന്‍പിങും പരസ്പരം കണ്ടതിനുശേഷവും പ്ലാറ്റ്ഫോമിന്റെ ഭാവി അവ്യക്തമായി തന്നെ തുടര്‍ന്നു.വ്യാപാര കാര്യങ്ങളിലും മറ്റും ഇരു രാജ്യങ്ങളും തമ്മിലുണ്ടായ സംഘര്‍ഷങ്ങളും ആപ്പിന്റെ ഭാവി അനിശ്ചിതത്വത്തിലാക്കുകയായിരുന്നു.

