മലയാളത്തിലാണ് ഏറ്റവും മികച്ച നിലവാരത്തിലുള്ള സിനിമകള്‍ ഇറങ്ങുന്നതെന്ന് ക്രിക്കറ്റ് താരം വരുണ്‍ ചക്രവര്‍ത്തി. ഓക്ക്ട്രീ സ്‌പോര്‍ട്ട്‌സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് വരുണ്‍ ചക്രവര്‍ത്തി മലയാള സിനിമകളോടുള്ള തന്റെ ഇഷ്ടം വെളിപ്പെടുത്തിയത്. അഭിമുഖത്തില്‍ തന്റെ മലയാളി ബന്ധവും മറ്റും വെളിപ്പെടുത്തുന്ന വേളയില്‍ മലയാളം സിനിമകളാണോ തമിഴ് സിനിമകളാണോ താങ്കളുടെ ആദ്യ ചോയ്സ് എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു വരുണ്‍ ചക്രവര്‍ത്തി.
‘അടുത്തിടെ ഏറ്റവും അധികം കാണാറ് മലയാളം സിനിമകളാണ്. എന്തൊരു നിലവാരമുള്ള ചിത്രങ്ങളാണ് അവര്‍ ചെയ്യുന്നത്. അവസാനം കണ്ടത് ബേസില്‍ ജോസഫിന്റെ പൊന്മാനാണ്. തമിഴിലും നല്ല ചിത്രങ്ങള്‍ വരാറുണ്ട്. മെയ്യഴകന്‍ എന്റെ പ്രിയപ്പെട്ട ചിത്രമാണ്. ഞാനാ ചിത്രത്തെ ഒരു മരുന്ന് പോലെയാണ് ഉപയോഗിക്കുന്നത്. എനിക്ക് എന്തെങ്കിലും പിരിമുറുക്കമോ മറ്റോ അനുഭവപ്പെട്ടാല്‍ ഞാന്‍ മെയ്യഴകന്‍ കാണും” വരുണ്‍ ചക്രവര്‍ത്തി പറഞ്ഞു.
മലയാള സിനിമയെ പറ്റിയുള്ള മോഹന്‍ലാലിലേയ്ക്ക് തിരിഞ്ഞപ്പോള്‍, അവതാരകന്‍ തന്റെ പ്രിയപ്പെട്ട മോഹന്‍ലാല്‍ ചിത്രം റാം ഗോപാല്‍ വര്‍മ്മ സംവിധാനം ചെയ്ത കമ്പനി ആണെന്ന് പറഞ്ഞു. ചിത്രത്തിലെ മോഹന്‍ലാലിന്റെ പ്രകടനവും ഭാഷാശൈലിയും വളരെ ആവേശത്തോടെയാണ് അവതാരകന്‍ ഗൗരവ് കപൂര്‍ വര്‍ണ്ണിച്ചത്.
വരുണ്‍ ചക്രവര്‍ത്തി തന്റെ അച്ഛന്‍ പകുതി തമിഴനും, പകുതി മലയാളിയുമാണെന്നും, അമ്മ കര്‍ണാടക സ്വദേശിയാണെന്നും അതിനാല്‍ തന്റെ വേരുകള്‍ ഈ മൂന്ന് തെന്നിന്ത്യന്‍ സംസ്ഥാനങ്ങളിലുമുണ്ടെന്നും പറയുന്നു. മാത്രമല്ല തനിക്ക് അത്യാവശ്യം മലയാളം സംസാരിക്കാനറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

