ഫോണ്‍ ഉപയോഗം പരിമിതപ്പെടുത്താനാണ് തന്റെ ശ്രമമെന്ന് ടെലിഗ്രാം സിഇഒ പവല്‍ ദുറോവ്

ഫോണ്‍ ഉപയോഗം പരിമിതപ്പെടുത്താനാണ് തന്റെ ശ്രമമെന്ന് ടെലിഗ്രാം സിഇഒ പവല്‍ ദുറോവ്

സ്വകാര്യതക്കും വേഗതക്കും പ്രാധാന്യം നല്‍കി 2013-ല്‍ പവല്‍ ദുറോവ് സ്ഥാപിച്ച ടെലിഗ്രാം ഇന്ന് ലോകമെമ്പാടും നിരവധിയാളുകളാണ് ഉപയോഗിക്കുന്നത്. വാട്ട്സ്ആപ്പിനും മറ്റ് ആപ്പുകള്‍ക്കും ഒരു ബദലായി ഉയര്‍ന്നുവന്ന ടെലിഗ്രാം അതിന്റെ ശക്തമായ ഫീച്ചറുകള്‍ കൊണ്ട് ഏറെ ശ്രദ്ധേയവുമാണ്. ഉപയോക്താക്കളുടെ സ്വകാര്യതയെയും ഡാറ്റാ സ്വാതന്ത്ര്യത്തെയും മുന്‍നിര്‍ത്തി നിര്‍മ്മിക്കപ്പെട്ട ഒരു പ്ലാറ്റ്ഫോം കൂടിയാണ് ടെലിഗ്രാം. സ്മാര്‍ട്ട്ഫോണ്‍ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന ആപ്പുകളിലൂടെയാണ് സ്വന്തം കരിയര്‍ കെട്ടിപ്പടുത്തതെങ്കിലും ഫോണ്‍ ഉപയോഗം പരിമിതപ്പെടുത്താനാണ് താന്‍ എപ്പോഴും ശ്രമിക്കാറുള്ളതെന്ന് തുറന്നു പറഞ്ഞിരിക്കുകയാണിപ്പോള്‍ ടെലിഗ്രാം സിഇഒ പവല്‍ ദുറോവ്.
ഫോണ്‍ നോക്കാതെയാണ് ഓരോ ദിവസവും താന്‍ ആരംഭിക്കുന്നതെന്ന് ഒരു പോഡ്കാസ്റ്റില്‍ അദ്ദേഹം വെളിപ്പെടുത്തി. സ്വന്തമായി ആശയങ്ങള്‍ രൂപവത്കരിക്കുന്നതില്‍ തടസം നില്‍ക്കുന്ന ഒന്നായാണ് മൊബൈല്‍ ഫോണിനെ ദുറോവ് കാണുന്നത്. താന്‍ എന്ത് ചിന്തിക്കണമെന്ന് മറ്റുള്ളവര്‍ പറയേണ്ടതില്ലെന്നും അതിനാലാണ് ഫോണ്‍ ഉപയോഗം പരിമിതപ്പെടുത്താന്‍ ശ്രമിക്കുന്നതെന്നും ദുറോവ് വ്യക്തമാക്കി.

11 മുതല്‍ 12 മണിക്കൂര്‍ വരെ ഉറക്കത്തിനായി നീക്കിവയ്ക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. ‘ദീര്‍ഘമായ വിശ്രമ വേളകളിലാണ് മികച്ച ആശയങ്ങള്‍ ലഭിക്കുന്നത്. ആ സമയത്താണ് മനസ് ചിന്തയില്‍ മുഴുകുന്നത്. ഇക്കാര്യത്തില്‍ എന്റെ തത്വശാസ്ത്രം വളരെ ലളിതമാണ്. ജീവിതത്തില്‍ എന്താണ് പ്രധാനം എന്ന് ഞാന്‍ തന്നെ നിര്‍വചിക്കാന്‍ ആഗ്രഹിക്കുന്നു. ഇന്ന് എന്താണ് പ്രധാനം, ഞാന്‍ എന്തിനെക്കുറിച്ചാണ് ചിന്തിക്കേണ്ടത് എന്നൊക്കെ മറ്റാളുകളോ കമ്പനികളോ മറ്റ് സംഘടനകളോ എന്നോട് പറയുന്നത് എനിക്കിഷ്ടമല്ല. സന്തുലിതമായ രീതിയില്‍ ആളുകളുമായി ബന്ധം പുലര്‍ത്തേണ്ടതുണ്ട്. ലോകത്തിലെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്വര്‍ക്കുകളിലൊന്ന് സ്ഥാപിച്ചതും, അതിനുശേഷം ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മെസേജിംഗ് ആപ്പ് സ്ഥാപിച്ചതും ഞാനായതുകൊണ്ട് എന്റെ സമീപനം വിരോധാഭാസമായി തോന്നാം അദ്ദേഹം പറഞ്ഞു. അതേസമയം സാങ്കേതികവിദ്യയെയും ഡാറ്റാ സ്വകാര്യതയെയും കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകള്‍ മുന്‍പും തുറന്നുപറഞ്ഞിട്ടള്ള വ്യക്തിയാണ് ദുറോവ്.

administrator

Related Articles