യു.എ.ഇയിലെ ടെലികമ്മ്യൂണിക്കേഷന്‍ ടവറുകള്‍ പൂര്‍ണമായും സുരക്ഷിതമാണെന്ന് ടെലികമ്മ്യൂണിക്കേഷന്‍സ് റെഗുലേറ്ററി അതോറിറ്റിയും ഡിജിറ്റല്‍ ഗവണ്‍മെന്റും അറിയിച്ചു. ടവറുകളില്‍ ഉപയോഗിക്കുന്ന നോണ്‍അയണൈസിംഗ് റേഡിയേഷന്‍ അനുവദനീയമായ ആഗോള പരിധിക്കുള്ളിലാണെന്നും ഉപയോക്താക്കള്‍ക്കോ സമീപത്ത് താമസിക്കുന്നവര്‍ക്കോ ഇത് ദോഷകരമല്ലെന്നും അധികൃതര്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ഒരു ഇന്ററാക്ടീവ് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം ആരംഭിച്ചതായി അതോറിറ്റി അറിയിച്ചു. ടെലികമ്മ്യൂണിക്കേഷന്‍ ടവറുകള്‍ക്ക് ചുറ്റുമുള്ള റേഡിയേഷന്‍ അളവ് നിരീക്ഷിക്കാനും അത് വഴി ആത്മവിശ്വാസം നേടാനും ഈ പ്ലാറ്റ്‌ഫോം ഉപയോക്താക്കളെ സഹായിക്കും. ഉപയോക്താക്കള്‍ക്ക് അവരുടെ ചുറ്റുപാടുകളിലെ റേഡിയേഷന്‍ അളവ് ഇതിലൂടെ എളുപ്പത്തില്‍ അറിയാനാവും.
ദേശീയ, അന്താരാഷ്ട്ര ആരോഗ്യ മാനദണ്ഡങ്ങള്‍ പാലിച്ചാണ് യു.എ.ഇയിലെ ആശയവിനിമയ അടിസ്ഥാന സൗകര്യങ്ങള്‍ പ്രവര്‍ത്തിക്കുന്നതെും അധികൃതര്‍ പറഞ്ഞു. മൊബൈല്‍ ഫോണ്‍ ടവറുകള്‍, പ്രക്ഷേപണ സ്റ്റേഷനുകള്‍ തുടങ്ങിയ ആശയവിനിമയ സംവിധാനങ്ങള്‍ പുറപ്പെടുവിക്കുന്ന വൈദ്യുതകാന്തിക വികിരണം നിരീക്ഷിക്കുന്നതിനുള്ള ദേശീയ സ്മാര്‍ട്ട് സംവിധാനവും തങ്ങള്‍ക്കുണ്ടെന്ന് ടെലികമ്മ്യൂണിക്കേഷന്‍സ് റെഗുലേറ്ററി അതോറിറ്റി പറഞ്ഞു. പൊതുജനാരോഗ്യം സംരക്ഷിക്കുക, ജീവിത നിലവാരം മെച്ചപ്പെടുത്തുക, രാജ്യത്തെ ടെലികമ്മ്യൂണിക്കേഷന്‍ അടിസ്ഥാന സൗകര്യങ്ങളില്‍ ആത്മവിശ്വാസം വര്‍ധിപ്പിക്കുക എന്നിവക്ക് മുന്തിയ പരിഗണയാണെന്നും അവര്‍ വ്യക്തമാക്കി.