രാജ്യത്തെ പ്രമുഖ ടെലികോം കമ്പനികളായ റിലയൻസ് ജിയോ, ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ എന്നിവ മൊബൈൽ താരിഫ് നിരക്കുകൾ ഗണ്യമായി ഉയർത്താൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. 2027 സാമ്പത്തിക വർഷത്തോടെ നിരക്കുകളിൽ 13 മുതൽ 15 ശതമാനം വരെ വർദ്ധനവുണ്ടാകുമെന്നാണ് എച്ച്‌എസ്‌ബിസി വിശകലന റിപ്പോർട്ട് സൂചിപ്പിക്കുന്നത്. നിലവിലെ വർഷത്തിന്റെ രണ്ടാം പാദത്തിൽ തന്നെ 4ജി, 5ജി സേവനങ്ങളുടെ റീചാർജ് നിരക്കുകളിൽ ഈ വർദ്ധനവ് പ്രതിഫലിച്ചേക്കും.
ഡാറ്റാ ഉപഭോഗത്തിലുണ്ടായ വൻ വർദ്ധനവും ഉപഭോക്താക്കൾ ഉയർന്ന മൂല്യമുള്ള പ്ലാനുകളിലേക്ക് മാറുന്നതുമാണ് നിരക്ക് വർദ്ധനയ്ക്കുള്ള പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. പുതിയ ഉപഭോക്താക്കളെ കണ്ടെത്തുന്നതിനേക്കാൾ, നിലവിലുള്ള സേവനങ്ങളിൽ നിന്നുള്ള വരുമാനം വർദ്ധിപ്പിക്കാനാണ് കമ്പനികൾ ഇപ്പോൾ മുൻഗണന നൽകുന്നത്. വരും വർഷങ്ങളിൽ ഹോം ബ്രോഡ്‌ബാൻഡ് മേഖലയിലുണ്ടാകുന്ന വളർച്ചയും കമ്പനികളുടെ ലാഭമുയർത്താൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ.
സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വോഡഫോൺ ഐഡിയയ്ക്ക് എജിആർ കുടിശിക അടയ്ക്കുന്നതിൽ ലഭിച്ച ഇളവുകൾ വലിയ ആശ്വാസമാണ്. 87,695 കോടി രൂപയുടെ കുടിശിക ‘ഫ്രീസ്’ ചെയ്തതും അടവ് കാലാവധി നീട്ടിയതും വിപണിയിൽ മൂന്ന് സ്വകാര്യ ഓപ്പറേറ്റർമാർ തുടരുമെന്ന സാഹചര്യം ഉറപ്പാക്കുന്നു. എങ്കിലും, എതിരാളികളായ ജിയോയോടും എയർടെല്ലിനോടും മത്സരിക്കാൻ വോഡഫോൺ ഐഡിയയ്ക്ക് വിപണിയിൽ കൂടുതൽ നിക്ഷേപം നടത്തേണ്ടി വരും.

