റിപ്പോർട്ടർ ടിവിയിൽ നിന്ന് രാജി വെച്ച് പുതുതായി സംപ്രേഷണം ആരംഭിക്കാനിരിക്കുന്ന ബിഗ് ടിവിയിലെത്തിയ സുജയ പാർവതി കഴിഞ്ഞ ദിവസമാണ് ചാനലിന്റെ ചീഫ് എഡിറ്ററായി ചുമതല ഏറ്റത്.
മലയാള ദൃശ്യമാധ്യമ രംഗത്ത് തന്നെ ആദ്യമായിട്ടായിരിക്കും ഒരു ചാനലിന്റെ ചീഫ് എഡിറ്റർ സ്ഥാനത്ത് എത്തുന്നത്. ചീഫ് എഡിറ്ററായി ചുമതലയേറ്റ വിവരം സുജയ തന്നെയാണ് തന്റെ സോഷ്യൽ മീഡിയ പേജിലൂടെ ആരാധകരെ അറിയിച്ചത്.
മാധ്യമപ്രവർത്തനം തനിക്ക് വെറുമൊരു തൊഴിലല്ലെന്നും, ഓരോ ദിവസവും സ്വയം പുതുക്കിപ്പണിയാനുള്ള ഒരു നിയോഗമാണെന്നും അവർ കുറിച്ചു. പ്രേക്ഷകർ നൽകിയ സ്നേഹവും പിന്തുണയുമാണ് ഈ പുതിയ വലിയ ദൗത്യം ഏറ്റെടുക്കാൻ തനിക്ക് കരുത്ത് നൽകുന്നതെന്ന് സുജയ പറയുന്നു.
മലയാള ദൃശ്യമാധ്യമ ലോകത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവന്ന അനിൽ അയിരൂരിന്റെ നേതൃത്വത്തിലാണ് ‘ബിഗ് ടിവി’ ഒരുങ്ങുന്നത്. സാങ്കേതിക വിദ്യയുടെ കരുത്തിൽ വിനോദവും വാർത്തകളും പുതിയ തലത്തിൽ പ്രേക്ഷകരിലേക്ക് എത്തിക്കുക എന്നതാണ് ബിഗ് ടിവിയുടെ ലക്ഷ്യം. തന്റെ കരിയറിലെ വളർച്ചയിൽ വലിയ സ്വാധീനം ചെലുത്തിയ വ്യക്തിയാണ് അനിൽ അയിരൂരെന്നും, അദ്ദേഹത്തോടൊപ്പം വീണ്ടും ഒന്നിക്കുന്നതിൽ സന്തോഷമുണ്ടെന്നും സുജയ കൂട്ടിച്ചേർത്തു.
സുജയ പാർവതിയുടെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം
പ്രിയപ്പെട്ടവരേ,
മാധ്യമപ്രവർത്തനം എനിക്ക് കേവലം ഒരു തൊഴിലല്ല; ഓരോ ദിവസവും എന്നെത്തന്നെ പുതുക്കിപ്പണിയാനുള്ള നിയോഗമാണ്. ഇന്നുവരെയുള്ള എന്റെ ഔദ്യോഗിക യാത്രയിൽ കരുത്തായി നിന്നത് പ്രേക്ഷകരായ നിങ്ങൾ നൽകിയ വലിയ സ്നേഹവും കരുതലുമാണ്. ആ ആത്മവിശ്വാസത്തോടെ പുതിയൊരു ദൗത്യത്തിലേക്ക് ചുവടുവെക്കുന്നു.
മലയാള ദൃശ്യമാധ്യമ രംഗത്ത് പുതിയൊരു മാറ്റത്തിന് തുടക്കമിടുന്ന ‘ബിഗ് ടിവി’ (BIG TV) യുടെ ചീഫ് എഡിറ്ററായി ചുമതലയേറ്റു. കൂടുതൽ വലിയ ലക്ഷ്യങ്ങളിലേക്ക്, വലിയ വാർത്തകളിലേക്ക്, വലിയ കാഴ്ചപ്പാടുകളിലേക്ക് നമ്മൾ ഒന്നിച്ച് നടക്കുകയാണ്.
മലയാളത്തിലെ വിനോദ, വാർത്താചാനലുകളിൽ സാങ്കേതിക വിദ്യ അതിവിദഗ്ധമായി കോർത്തിണക്കിയ ശ്രീ. അനിൽ അയിരൂരാണ് ബിഗ് ടിവിയുടെ അമരക്കാരൻ. 24 ന്യൂസിന്റെയും റിപ്പോർട്ടർ ചാനലിന്റെയും ജൈത്ര യാത്രയുടെ അമരത്തു നിന്നതും അദ്ദേഹമായിരുന്നു. ഒരു വാർത്താ വായനക്കാരി എന്ന നിലയിൽ നിന്ന് നിങ്ങളുടെ പ്രിയപ്പെട്ട അവതാരകയായി എന്നെ പാകപ്പെടുത്തുന്നതിന് അദ്ദേഹത്തിന്റെ ഉപദേശങ്ങളും നിർദേശങ്ങളും ഏറെ സഹായിച്ചിട്ടുണ്ട്.
ഈ പുതിയ യാത്രയിൽ ഏവരുടെയും സ്നേഹവും സഹകരണവും കൂടെയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

