സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ക്ക് ലൈസന്‍സുമായി യുഎഇ

സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ക്ക് ലൈസന്‍സുമായി യുഎഇ

യുഎഇയിലെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയുള്ള പരസ്യങ്ങള്‍ക്ക് പുതിയ നിയന്ത്രണങ്ങള്‍ നിലവില്‍ വരുന്നു. സോഷ്യല്‍ മീഡിയയില്‍ നല്‍കുന്ന പരസ്യങ്ങള്‍ക്ക് അഡ്വര്‍ടൈസര്‍ പെര്‍മിറ്റ് നിര്‍ബന്ധമാക്കി കൊണ്ടാണ് യുഎഇ മീഡിയ കൗണ്‍സിലിന്റെ പുതിയ നിയന്ത്രണം. പരസ്യങ്ങളും പ്രൊമോഷന്‍ വീഡിയോകളും സാമൂഹികമാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുമ്പോള്‍ ലൈസന്‍സ് നമ്പര്‍ പ്രദര്‍ശിപ്പിക്കണം, വാര്‍ത്തയെന്ന് തെറ്റിദ്ധരിപ്പിക്കും വിധത്തില്‍ പരസ്യം നല്‍കുന്നത് ശിക്ഷാര്‍ഹമാണെന്നും യുഎഇ മീഡിയ കൗണ്‍സില്‍ വ്യക്തമാക്കി. അഡ്വര്‍ടൈസര്‍ പെര്‍മിറ്റ് ആദ്യ മൂന്ന് വര്‍ഷങ്ങളില്‍ സൗജന്യമായിരിക്കും.

യുഎഇയിലെ ഡിജിറ്റല്‍ പരസ്യ മേഖലയിലെ സുതാര്യതയും പ്രൊഫഷണലിസവും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയുള്ള പരസ്യങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക്ക്, വാട്ട്‌സ്ആപ്പ് തുടങ്ങിയ പ്ലാറ്റ് ഫോമുകളിലൂടെ നല്‍ക്കുന്ന പരസ്യങ്ങള്‍ക്കാണ് അഡ്വര്‍ടൈസര്‍ പെര്‍മിറ്റ് നിര്‍ബന്ധമാക്കിയത്. സമൂഹമാധ്യമങ്ങളിലൂടെ പരസ്യം ചെയ്യുന്ന വ്യക്തികള്‍ക്ക് ഈ പെര്‍മിറ്റ് നിര്‍ബന്ധമാണെന്ന് യുഎഇ മീഡിയ കൗണ്‍സില്‍ അറിയിച്ചു. വിദേശത്ത് നിന്നെത്തുന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ അവരുടെ സ്വാധീനം പരസ്യത്തിനായി ഉപയോഗപ്പെടുത്തുന്നതിന് പ്രത്യേക അനുമതി വാങ്ങിയിരിക്കണം എന്നും പുതിയ ചട്ടം വ്യവസ്ഥ ചെയ്യുന്നത്. വിസിറ്റര്‍ അഡ്വട്ടൈസര്‍ എന്നാണ് ഈ ലൈസന്‍സ് അറിയപ്പെടുക. പേര്‍സണല്‍ അക്കൗണ്ടുകള്‍ വഴിയോ ഏജന്‍സികള്‍ വഴിയോ ഉള്ള എല്ലാത്തരം പ്രമോഷനുകള്‍ക്കും ഇത് ബാധകമാണ്.

നേരത്തെ മാധ്യമ മേഖലയില്‍ വരുത്തിയ ചില മാറ്റങ്ങള്‍ക്ക് പിന്നാലെയാണ് സോഷ്യല്‍ മീഡിയയിലും നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നത്. സോഷ്യല്‍ മീഡിയയില്‍ വരുന്ന ചില പരസ്യങ്ങള്‍ ജനങ്ങള്‍ക്കിടിയില്‍ തെറ്റിദ്ധാരണ പരത്താന്‍ കാരണമാകുന്നുവെന്നാണ് മീഡിയ കൗണ്‍സിലിന്റെ നിരീക്ഷണം. നിയമപരമായ പ്രശ്‌നങ്ങള്‍ക്കും പലപ്പോഴും ഇത് കാരണമാകുന്നുണ്ട്.

യുഎഇയില്‍ എത്തുന്ന ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ നേരിട്ടെത്തി മീഡിയാ കൗണ്‍സിലില്‍ നിന്ന് ലൈസന്‍സ് വാങ്ങണമെന്നില്ല. മറിച്ച് യുഎഇയില്‍ പ്രവര്‍ത്തിക്കുന്ന ലൈസന്‍സുള്ള പരസ്യ സ്ഥാപനങ്ങള്‍ വഴിയോ ടാലന്റ് മാനേജ്‌മെന്റ് സ്ഥാപനങ്ങള്‍ വഴിയോ ലൈസന്‍സിന് അപേക്ഷിക്കാം. മൂന്ന് മാസത്തേക്കാണ് ഇങ്ങനെ ലൈസന്‍സ് ലഭിക്കുക. തൊട്ടടുത്ത മൂന്ന് മാസത്തേക്ക് കൂടി ലൈസന്‍സിന്റെറെ കാലാവധി നീട്ടാന്‍ കഴിയും. എന്നാല്‍ ഒരു ഇന്‍ഫ്‌ളുവന്‍സറിന് സ്വന്തം പേരിലുള്ള സ്ഥാപനത്തിന്റേയോ ഉത്പന്നത്തിന്റേയോ പ്രൊമോഷന്‍ സ്വന്തം സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ നടത്തുന്നതിന് അനുമതി വേണ്ട.

administrator

Related Articles