സാമൂഹമാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനത്തെ തുടര്‍ന്ന് നേപ്പാളില്‍ ശക്തമാകുന്ന ജെന്‍സി പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 20 ആയി. പരുക്കേറ്റവരുടെ എണ്ണം 250ന് മുകളിലായതായാണ് റിപ്പോര്‍ട്ട്. യുവാക്കളുടെ പ്രക്ഷോഭം ശക്തമാകുന്നതിന് പിന്നാലെ നേപ്പാള്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ ഒലിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്ത് വന്നിട്ടുണ്ട്. ഇതിനിടെ നേപ്പാള്‍ ആഭ്യന്തര മന്ത്രി രമേശ് ലേഖക് രാജിവെച്ചു. നേരത്തെ പാര്‍ട്ടി യോഗത്തില്‍ രാജിവെയ്ക്കാനുള്ള സന്നദ്ധത രമേശ് ലേഖക് അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. പ്രക്ഷോഭകാരികളുടെ മരണത്തിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്താണ് നേപ്പാള്‍ ആഭ്യന്തര മന്ത്രി രമേശ് ലേഖക് രാജിവെയ്ക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചതെന്നായിരുന്നു റിപ്പോര്‍ട്ട്.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍ (മാവോയിസ്റ്റ് സെന്റര്‍) നേതാവും പ്രതിപക്ഷ നേതാവുമായ പുഷ്പ കമാല്‍ ദഹല്‍ പ്രചണ്ഡ ജെന്‍സി പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. യുവാക്കളായ പ്രതിഷേധക്കാര്‍ ഉയര്‍ത്തുന്ന ആവശ്യങ്ങള്‍ തങ്ങളുടെ പാര്‍ട്ടിയുടെ ആവശ്യങ്ങളുമായി അടുത്ത് നില്‍ക്കുന്നതാണെന്നായിരുന്നു പ്രചണ്ഡയുടെ പ്രതികരണം.
നിലവില്‍ പ്രതിഷേധങ്ങള്‍ ശക്തിപ്പെട്ട സാഹചര്യത്തില്‍ നേപ്പാളിലെ പ്രധാന രാഷ്ട്രീയ പാര്‍ട്ടികളുടെയും ഉന്നത നേതാക്കളുടെയും ഓഫീസുകള്‍ക്കുമുള്ള സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഭരണകക്ഷിയായ യുഎംഎല്‍, നേപ്പാളി കോണ്‍ഗ്രസ് പാര്‍ട്ടികളുടെ ആസ്ഥാനങ്ങള്‍ക്ക് ചുറ്റും കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സെപ്റ്റംബര്‍ 9,10, 11 തീയതികളില്‍ രാജ്യവ്യാപകമായി നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്. യുവാക്കളുടെ പ്രതിഷേധം ശക്തമാകുന്നതിനിടെ കാഠ്മണ്ഡുവിലെ തന്ത്രപ്രധാന മേഖലകളിലേയ്ക്ക് കര്‍ഫ്യൂ വ്യാപിപ്പിച്ചിച്ചുണ്ട്.
സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് രാജ്യവ്യാപകമായ പ്രതിഷേധ പ്രകടനങ്ങള്‍ക്ക് തുടക്കം കുറിച്ചത്.ഫേസ്ബുക്കും വാട്ട്സ്ആപ്പും ഉള്‍പ്പെടെ 26 ഓളം സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകള്‍ക്കാണ് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയത്. ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്യാത്ത എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളും അടിയന്തരമായി രജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തീകരിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. ഈ സമയപരിധി അവസാനിച്ചതോടെയാണ് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയത്. ടിക് ടോക്ക്, വൈബര്‍, വിറ്റ്ക്, നിംബസ്, പോപ്പോ ലൈവ് എന്നീ പ്ലാറ്റ്ഫോമുകള് ഈ നിര്‍ദേശങ്ങള്‍ പാലിച്ചിരുന്നു. എന്നാല്‍, മെറ്റാ (ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, വാട്ട്സ്ആപ്പ്), ആല്‍ഫബെറ്റ് (യൂട്യൂബ്), എക്സ്, റെഡ്ഡിറ്റ്, ലിങ്ക്ഡ്ഇന്‍ എന്നിങ്ങനെയുള്ള പ്രമുഖ പ്ലാറ്റ്ഫോമുകള് രജിസ്റ്റര്‍ ചെയ്തിരുന്നില്ല. സമയപരിധി അവസാനിച്ചതോടെയാണ് ഇത്തരം പ്ലാറ്റ്ഫോമുകള്‍ക്ക് നേപ്പാള്‍ ടെലികമ്മ്യൂണിക്കേഷന്‍സ് അതോറിറ്റി നിരോധനം ഏര്‍പ്പെടുത്താന്‍ നിര്‍ബന്ധിതരായത്.
സമൂഹമാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനത്തിന് പുറമേ, സഡക്കാരിനെതിരെ പ്രതിഷേധം സംഘടിപ്പിക്കാന്‍ ജെന്‍സികള്‍ക്ക് മറ്റ് കാരണങ്ങള്‍ കൂടി ഉണ്ടെന്നുള്ള റിപ്പോര്‍ട്ടുകളുമുണ്ട്. അഴിമതി, സ്വേച്ഛാധിപത്യം, ഉത്തരവാദിത്തമില്ലായ്മ ഉയര്‍ത്തി പിടിച്ചാണ് യുവാക്കള്‍ പ്രതിഷേധിക്കുന്നത്. അഴിമതിയും വര്‍ധിച്ചുവരുന്ന സാമ്പത്തിക അസമത്വം മൂലമുള്ള നിരാശയുമാണ് ജെന്‍സി കലാപത്തിന് കാരണമെന്നും പറയപ്പെടുന്നു.