സിത്താരെ സമീന്‍ പര്‍; പേ പെര്‍ വ്യൂ ആയി യൂട്യൂബില്‍

സിത്താരെ സമീന്‍ പര്‍; പേ പെര്‍ വ്യൂ ആയി യൂട്യൂബില്‍

സ്വന്തം സിനിമകള്‍ തിയേറ്റര്‍ റിലീസിന് ശേഷം യൂട്യൂബില്‍ പ്രദര്‍ശിപ്പിക്കാനൊരുങ്ങി നടന്‍ ആമിര്‍ ഖാന്‍. അദ്ദേഹത്തിന്റെ പ്രൊഡക്ഷനില്‍ നിര്‍മിക്കപ്പെട്ട സിനിമകളാണ് യൂട്യൂബ് ചാനലിലൂടെ പേ പെര്‍ വ്യൂ മോഡലില്‍ പ്രദര്‍ശിപ്പിക്കുക. പേപെര്‍വ്യൂ മോഡലിനും സബ്‌സ്‌ക്രിപ്ഷന്‍ മോഡലിനും നിരവധി വ്യത്യാസങ്ങളുണ്ട്. സബ്‌സ്‌ക്രിപ്ഷന്‍ മോഡലില്‍ ഉപഭോക്താവ് ഒരു പ്ലാറ്റ്‌ഫോമിലെ മുഴുവന്‍ ഉള്ളടക്കത്തിനും പണം നല്‍കുകയാണ് ചെയ്യുന്നത്. എന്നാല്‍ കാണുന്ന കണ്ടെന്റുകള്‍ക് മാത്രം പണം നല്‍കുന്ന രീതിക്കാണ് പേപെര്‍വ്യൂ.

ആമിര്‍ ഖാന്റെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം ‘സിത്താരെ സമീന്‍ പര്‍’ ആയിരിക്കും ഇത്തരത്തില്‍ യൂട്യൂബില്‍ വരുന്ന ആദ്യ ചിത്രം. ഇതിനായി ആമിര്‍ ഖാനും അദ്ദേഹത്തിന്റെ ടീമും ചേര്‍ന്ന് ‘ആമിര്‍ ഖാന്‍ ടാക്കിസ്’ എന്ന പേരില്‍ മാസങ്ങള്‍ക്ക് മുമ്പ് യൂട്യൂബ് ചാനല്‍ തുടങ്ങിയിരുന്നു. ആമിര്‍ ഖാന്‍ പ്രൊഡക്ഷന്‍സിന് കീഴില്‍ നിര്‍മിച്ച എല്ലാ സിനിമകളും ചാനലില്‍ പേപെര്‍വ്യൂ മോഡല്‍ പ്രകാരമാകും ലഭ്യമാകുക. ഓഗസ്റ്റ് ഒന്നിന് സിത്താരെ സമീന്‍ പര്‍ യൂട്യൂബ് ചാനലിലെത്തും. 100 രൂപയായിരിക്കും ചാര്‍ജ്. കൂടാതെ, വിലയുള്ള കണ്ടന്റിനൊപ്പം ചില സൗജന്യ ഉള്ളടക്കങ്ങളും ലഭ്യമാവുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

‘കഴിഞ്ഞ 15 വര്‍ഷമായി തിയേറ്ററില്‍ പല കാരണങ്ങള്‍കൊണ്ട് എത്താന്‍ സാധിക്കാത്ത പ്രേക്ഷകരിലേക്ക് സിനിമ എങ്ങനെ എത്തിക്കാമെന്ന വെല്ലുവിളിയുമായി ഞാന്‍ പോരാടുകയായിരുന്നു. ഒടുവില്‍ അതിനുള്ള യഥാര്‍ത്ഥ സമയം വന്നിരിക്കുന്നു. നമ്മുടെ സര്‍ക്കാര്‍ യുപിഐ കൊണ്ടുവന്നതോട് കൂടി ഇലക്ട്രോണിക് പേമെന്റില്‍ ഇന്ത്യ ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നിരിക്കുകയാണ്. അതുപോലെ തന്നെ ഇന്റര്‍നെറ്റിന്റെ വ്യാപനം ഇന്ത്യയില്‍ ദിനം പ്രതി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. മിക്കവര്‍ക്കും യൂട്യൂബ് ലഭ്യമായതോടു കൂടി ഇന്ത്യയിലെ ഭൂരിഭാഗം ജനങ്ങളിലേക്കും ലോകത്തിലെ പ്രധാന ഭാഗങ്ങളിലേക്കുമുള്ള പ്രവേശനം നമുക്ക് സാധ്യമായി’, എന്നാണ് ആമിര്‍ പറഞ്ഞത്.
സിനിമ എല്ലാവരിലേക്കും ന്യായമായ വിലയ്ക്ക് എത്തിക്കണമെന്നത് തന്റെ സ്വപ്‌നമാണെന്നും, ആളുകള്‍ക്ക് ഇഷ്ടമുള്ള സമയത്ത് ഇഷ്ടമുള്ള സിനിമ കാണാന്‍ കഴിയുന്ന ഒരു സാഹചര്യമുണ്ടാകുമെന്ന് ആഗ്രഹിക്കുന്നു. ഈ ആശയം വിജയിച്ചാല്‍ വ്യത്യസ്തമായ കഥകള്‍ പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ സാധിക്കും’, എന്നും ആമിര്‍ കൂട്ടിച്ചേര്‍ത്തു.

administrator

Related Articles