ഫേസ്ബുക്ക് വഴിയുള്ള ഓൺലൈൻ തട്ടിപ്പുകൾക്ക് തടയിടാൻ മെറ്റാ കമ്പനിയ്ക്ക് മേൽ കർശന സമ്മർദ്ദവുമായി സിംഗപ്പൂർ സർക്കാർ. വ്യാജ അക്കൗണ്ടുകളും ചതിക്കുഴികളും വർധിക്കുന്ന സാഹചര്യത്തിൽ, ഈ മാസം അവസാനത്തോടെ ‘ഫേഷ്യൽ റെക്കഗ്നിഷൻ’ പോലുള്ള സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്നാണ് സർക്കാർ ഉത്തരവ്. പരാജയപ്പെട്ടാൽ മെറ്റാ നൽകേണ്ടി വരിക കോടികളുടെ പിഴയാണ്.
2024 ഫെബ്രുവരിയിൽ പ്രാബല്യത്തിൽ വന്ന സിംഗപ്പൂരിന്റെ ‘ഓൺലൈൻ ക്രിമിനൽ ഹാർംസ് ആക്ട്’പ്രകാരമാണ് സിംഗപ്പൂർ ആഭ്യന്തര മന്ത്രാലയം ഈ ഉത്തരവ് പുറപ്പെടുവിച്ചത്. ഈ നിയമപ്രകാരം ഒരു ആഗോള ടെക് ഭീമനെതിരെ ഇത്രയും വലിയ നടപടി ഉണ്ടാകുന്നത് ഇതാദ്യമാണ്.
നിശ്ചിത സമയത്തിനുള്ളിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ ഏകദേശം 65 ദശലക്ഷം രൂപ വരെ പിഴ ചുമത്തും. സമയപരിധി കഴിഞ്ഞാൽ ഓരോ ദിവസവും 100,000 അമേരിക്ക ഡോളർ (ഏകദേശം 7.7 ദശലക്ഷം രൂപ) വീതം അധിക പിഴയും നൽകേണ്ടി വരും. 2024 ജൂണിനും 2025 ജൂണിനും ഇടയിൽ സിംഗപ്പൂരിൽ ഫേസ്ബുക്ക് വഴിയുള്ള തട്ടിപ്പുകളിൽ വൻ വർദ്ധനവാണ് രേഖപ്പെടുത്തിയത്. തട്ടിപ്പുകാർ പ്രധാനമായും ഉപയോഗിക്കുന്നത് വ്യാജ പരസ്യങ്ങൾ, കുറഞ്ഞ വിലയ്ക്ക് സാധനങ്ങൾ വാഗ്ദാനം ചെയ്തുള്ള വ്യാജ ലിങ്കുകൾ, സർക്കാർ ഉദ്യോഗസ്ഥരുടെ ഫോട്ടോകളും വീഡിയോകളും ഉപയോഗിച്ച് വിശ്വാസ്യത നേടിയെടുക്കുന്നു, പ്രമുഖരുടെ പേരും ചിത്രവും ഉപയോഗിച്ചുള്ള നിക്ഷേപ തട്ടിപ്പുകൾ.

