ഇന്ന് മുതല്‍ ഗോവയില്‍ ആരംഭിക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തോടനുബന്ധിച്ച് ദേശീയ ചലച്ചിത്ര വികസന കോര്‍പറേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന വേവ്സ് ഫിലിം ബസാറിലേക്ക് നാമ നിര്‍ദ്ദേശം ലഭിച്ച സിനിമകളില്‍ മലയാളത്തില്‍ നിന്നുള്ള ഒരു ഡോക്യുമെന്ററി സിനിമയും ഇടംപിടിച്ചു. കേരള ചലച്ചിത്ര അക്കാദമി തിരുവനന്തപുരത്ത് സംഘടിപ്പിച്ച 17 മത് അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ മികച്ച ഛായാഗ്രഹണത്തിനുള്ള അവാര്‍ഡ് നേടിയ ഷിഹാബ് ഓങ്ങല്ലൂരിന്റെ ‘റിക്കാര്‍ഡ് ഡാന്‍സ്’ എന്ന ഡോക്യുമെന്ററി സിനിമയാണ് ഈ നേട്ടം സ്വന്തമാക്കിയത്. 14 ഭാഷകളില്‍ നിന്നായി 22 സിനിമകള്‍ക്കാണ് ഫിലിം ബസാര്‍ നാമനിര്‍ദ്ദേശം ലഭിച്ചത്. 30 ഓളം രാജ്യങ്ങളില്‍ നിന്നായി സമര്‍പ്പിക്കപ്പെട്ട 230 ഓളം സിനിമകളില്‍ നിന്നാണ് ഈ സിനിമകള്‍ നാമനിര്‍ദേശം ചെയ്യപ്പെട്ടത്.
റിക്കാര്‍ഡ് ഡാന്‍സ് എന്ന നാടോടി നൃത്തകലാരൂപത്തെ കുറിച്ചും അതില്‍ ഏര്‍പ്പെട്ടിരിക്കുന്ന കലാകാരന്മാരെ കുറിച്ചുമാണ് ഡോക്യുമെന്ററി സിനിമ സംസാരിക്കുന്നത്. മലയാളത്തില്‍ നിന്നും നാമനിര്‍ദ്ദേശം ലഭിച്ച ഏക സിനിമയാണ് റിക്കാര്‍ഡ് ഡാന്‍സ്.
ക്ലാസിക് മീഡിയ എന്റര്ടൈന്മെന്റ്സിന്റെ ബാനറില്‍ അഭയ ഷിഹാബും സുജി സുകുമാരനും ആണ് ഇത് നിര്‍മിച്ചിരിക്കുന്നത്.സഹ നിര്‍മ്മാണം ചെയ്തിരിക്കുന്നത് വിഷ്ണു ബാലകൃഷ്ണനാണ്. ക്യാമറയും സംവിധാനവും ചെയ്തിരിക്കുന്നത് ഷിഹാബ് ഓങ്ങല്ലൂര്‍. സച്ചിന് സത്യയാണ് എഡിറ്റര്‍. വിഷ്ണു ശിവശങ്കര്‍ പശ്ചാത്തല സംഗീതവും ധനുഷ് നായനാര്‍ മിക്സിങ്ങും ചെയ്തിരിക്കുന്നു.അസ്സോസിയേറ്റ് ഡയറക്ടര്‍ മിദ്ലാജ് മുഹമ്മദ്.കിഷോര്‍ ബാബുവാണ് പോസ്റ്റര്‍ ഡിസൈനിങ് ചെയ്തിരിക്കുന്നു.

