സുരക്ഷയ്ക്ക് ഭീഷണി: 77 ആപ്പുകള്‍ കൂടി ഗൂഗിള്‍ പ്ലേ നീക്കം ചെയ്തു

സുരക്ഷയ്ക്ക് ഭീഷണി: 77 ആപ്പുകള്‍ കൂടി ഗൂഗിള്‍ പ്ലേ നീക്കം ചെയ്തു

ഉപയോക്താക്കളുടെ സുരക്ഷയ്ക്കും സ്വകാര്യതയ്ക്കും ഭീഷണിയെന്ന് വ്യക്തമാക്കി 77 ആപ്പുകള്‍ കൂടി ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്തു. വലിയൊരു ശുദ്ധീകരണത്തിന്റെ ഒരു ഭാഗം മാത്രമാണ് ഈ നടപടിയെന്നും ഗൂഗിള്‍ വ്യക്തമാക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ഗൂഗിള്‍ ഏകദേശം 40 ലക്ഷം ആപ്പുകള്‍ പ്ലേ സ്റ്റോറില്‍ നിന്നും നീക്കിയിരുന്നു. അതായത് പ്രതിദിനം ശരാശരി 11,000 ആപ്പുകള്‍ നീക്കം ചെയ്തുവെന്നാണ് കണക്കുകള്‍. പ്ലേ സ്റ്റോറില്‍ നിന്ന് ഗൂഗിള്‍ നീക്കം ചെയ്ത ആപ്പുകളില്‍ പകുതിയിലധികവും ഡാറ്റാ സംരക്ഷണ, സ്വകാര്യതാ നിയമങ്ങള്‍ ലംഘിക്കുന്നവയായിരുന്നു. ആപ്പ് പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട് കര്‍ശനമായ നിയമങ്ങള്‍ നടപ്പിലാക്കുമെന്ന് കഴിഞ്ഞ വര്‍ഷം ഗൂഗിള്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഫലമായി 2024ന്റെ തുടക്കത്തോടെ, പ്ലേ സ്റ്റോറില്‍ ഉണ്ടായിരുന്ന പകുതിയോളം ആപ്പുകളും നീക്കം ചെയ്തിരുന്നു. ഇതോടൊപ്പം, ഈ വര്‍ഷം ഏകദേശം 1.55 ലക്ഷം ഡെവലപ്പര്‍ അക്കൗണ്ടുകളും ഗൂഗിള്‍ ബ്ലോക്ക് ചെയ്തു.

അതേസമയം പ്ലേ സ്റ്റോറില്‍ നിന്ന് നേരിട്ട് ഡൗണ്‍ലോഡ് ചെയ്യാത്ത സൈഡ്‌ലോഡഡ് ആപ്പുകള്‍ക്കെതിരെയും കമ്പനി ഇപ്പോള്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നുണ്ട്. വെരിഫിക്കേഷന്‍ പ്രക്രിയയിലൂടെ കടന്നുപോകുന്ന ഡെവലപ്പര്‍മാര്‍ക്ക് മാത്രമേ ഇനി മുതല്‍ ആപ്പുകള്‍ പ്രസിദ്ധീകരിക്കാന്‍ കഴിയൂ എന്ന് ഗൂഗിള്‍ വ്യക്തമാക്കുന്നു. പ്ലേ സ്റ്റോറില്‍ നിന്ന് ഒരു ആപ്പ് അപ്രത്യക്ഷമായാല്‍, ഡെവലപ്പര്‍ അത് നീക്കം ചെയ്തു എന്നല്ല അര്‍ഥമാക്കുന്നതെന്ന് ഗൂഗിള്‍ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മറിച്ച്, ആപ്പ് നിയമങ്ങള്‍ ലംഘിച്ചതിനാലാണ് പലപ്പോഴും ഇത് സംഭവിക്കുന്നത്. എന്നാല്‍ ഈ ആപ്പ് നിങ്ങളുടെ ഫോണില്‍ ഇതിനകം ഉണ്ടെങ്കില്‍, അത് പ്രവര്‍ത്തിക്കുന്നത് തുടരും. പക്ഷേ ഈ ആപ്പുകള്‍ക്ക് കൂടുതല്‍ അപ്‌ഡേറ്റുകള്‍ ലഭിക്കില്ല. ആപ്പ് അപകടകരമാണെന്ന് കണ്ടെത്തിയാല്‍, അത് അണ്‍ഇന്‍സ്റ്റാള്‍ ചെയ്യാന്‍ പ്ലേ പ്രൊട്ടക്റ്റ് നിങ്ങളെ അറിയിക്കുമെന്ന് കമ്പനി വ്യക്തമാക്കി.

administrator

Related Articles