ഡാറ്റാ സ്റ്റോറേജ് രംഗത്ത് വലിയ കുതിച്ചുചാട്ടം ലക്ഷ്യമിട്ട് സീഗേറ്റ് ടെക്‌നോളജി പുതിയ സ്റ്റോറേജ് ഉൽപ്പന്നങ്ങൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. സീഗേറ്റ്, ലാസി എന്നീ ബ്രാൻഡുകൾക്ക് കീഴിലായി പുറത്തിറക്കിയ ഈ ഉൽപ്പന്നങ്ങൾ ദൈനംദിന ബാക്കപ്പ് ആവശ്യങ്ങൾക്കും എഐ അധിഷ്ഠിത ക്രിയേറ്റീവ് വർക്ക്‌ഫ്ലോകൾക്കും അനുയോജ്യമായാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. സീഗേറ്റ് വൺ ടച്ച് ഡെസ്‌ക്‌ടോപ്പ് എക്സ്റ്റേണൽ ഹാർഡ് ഡ്രൈവ്, ലാസി 8ബിഗ് പ്രോ5 മൾട്ടി-ബേ ആർഎഐഡി സ്റ്റോറേജ് സൊല്യൂഷൻ എന്നിവയാണ് പുതിയ പോർട്ട്‌ഫോളിയോയിലെ പ്രധാന ആകർഷണങ്ങൾ.
ഉയർന്ന ശേഷിയും വിശ്വാസ്യതയും ഉറപ്പുനൽകുന്ന ഈ ഉൽപ്പന്നങ്ങൾ ഉപഭോക്താക്കൾക്ക് ഡാറ്റ കൂടുതൽ കാര്യക്ഷമമായി കൈകാര്യം ചെയ്യാൻ സഹായിക്കും. പോർട്ടബിൾ, ഡെസ്‌ക്‌ടോപ്പ്, ആർഎഐഡി വിഭാഗങ്ങളിലായി 256 ടിബി വരെ സ്‌കെയിൽ ചെയ്യാവുന്ന സൗകര്യവും, ഇൻഡസ്ട്രിയിലെ ഏക ബസ് പവേർഡ് യുഎസ്ബി സി സൗകര്യവും ഇതിന്റെ പ്രത്യേകതയാണ്. ക്രിയേറ്റീവ് പ്രൊഫഷണലുകൾക്കായി തണ്ടർബോൾട്ട് 5 പിന്തുണയും, സുരക്ഷയ്ക്കായി ഓട്ടോ ബാക്കപ്പ് സോഫ്റ്റ്‌വെയറായ ടൂൾകിറ്റ്, റെസ്‌ക്യു ഡാറ്റ റിക്കവറി സർവീസ് എന്നിവയും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

