ടെലഗ്രാമിനും പൂട്ടിട്ട് റഷ്യ

ടെലഗ്രാമിനും പൂട്ടിട്ട് റഷ്യ

സുരക്ഷാ കാരണങ്ങളും പ്രാദേശിക നിയമലംഘനങ്ങളും ചൂണ്ടിക്കാട്ടി പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ടെലഗ്രാമിന് റഷ്യയിൽ കനത്ത നിയന്ത്രണം ഏർപ്പെടുത്തി. നിരോധിച്ച ഉള്ളടക്കങ്ങൾ നീക്കം ചെയ്യാത്തതിനും തീവ്രവാദ സ്വഭാവമുള്ള ആശയങ്ങൾ പ്രചരിക്കുന്നത് തടയുന്നതിൽ പരാജയപ്പെട്ടതിനും 64 ദശലക്ഷം റൂബിൾ (ഏകദേശം 7.5 കോടി ഇന്ത്യൻ രൂപ) പിഴയും അധികൃതർ ചുമത്തി. നിയമങ്ങൾ പൂർണ്ണമായി പാലിക്കുന്നത് വരെ ഈ വിലക്ക് തുടരുമെന്നാണ് റഷ്യൻ ടെലികോം റെഗുലേറ്ററായ റോസ്കോംനാഡ്‌സർ അറിയിച്ചിരിക്കുന്നത്. വാട്‌സ്ആപ്പിന് പിന്നാലെ ടെലഗ്രാമിനും നിയന്ത്രണം വന്നതോടെ റഷ്യയിലെ ദൈനംദിന ആശയവിനിമയ സംവിധാനങ്ങൾ വലിയ പ്രതിസന്ധിയിലായിരിക്കുകയാണ്.

വിദേശ ആപ്പുകൾക്ക് പൂട്ടിടുന്നതിനൊപ്പം തദ്ദേശീയമായി വികസിപ്പിച്ച ‘മാക്സ്’ എന്ന സൂപ്പർ ആപ്പിനെ പ്രോത്സാഹിപ്പിക്കാനാണ് റഷ്യയുടെ നീക്കം. ഇനി മുതൽ രാജ്യത്ത് വിൽക്കുന്ന എല്ലാ സ്മാർട്ട്‌ഫോണുകളിലും ടാബ്‌ലെറ്റുകളിലും ‘മാക്സ്’ ആപ്പ് നിർബന്ധമായും പ്രീ-ഇൻസ്റ്റാൾ ചെയ്തിരിക്കണമെന്ന് സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. ചാറ്റിങ്, കോളിങ് സൗകര്യങ്ങൾക്ക് പുറമെ ബാങ്കിങ്, സർക്കാർ സേവനങ്ങൾ എന്നിവയും ഈ സിംഗിൾ പ്ലാറ്റ്‌ഫോമിൽ ലഭ്യമാകും. ടെലഗ്രാമിന്റെ സ്ഥാപകനായ പാവെൽ ഡുറോവ് തന്നെ 2014-ൽ പടിയിറങ്ങിയ വികെ ഗ്രൂപ്പാണ് ഈ ആപ്പ് വികസിപ്പിച്ചിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

administrator

Related Articles