വാട്‌സാപ്പ് നിരോധിച്ചു; പകരം സ്വന്തം ആപ്പുമായി റഷ്യ

വാട്‌സാപ്പ് നിരോധിച്ചു; പകരം സ്വന്തം ആപ്പുമായി റഷ്യ

പ്രാദേശിക നിയമങ്ങൾ ലംഘിച്ചുവെന്നാരോപിച്ച് ആഗോള മെസേജിങ് പ്ലാറ്റ്‌ഫോമായ വാട്‌സാപ്പിന് റഷ്യയിൽ നിരോധനം ഏർപ്പെടുത്തി. ഏകദേശം 10 കോടിയോളം ഉപയോക്താക്കളുള്ള വാട്‌സാപ്പ് ബ്ലോക്ക് ചെയ്ത കാര്യം ക്രെംലിൻ വക്താവ് ദിമിത്രി പെസ്‌കോവ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. വിദേശ ആപ്പുകൾ വഴി വിവരങ്ങൾ കൈമാറാൻ കമ്പനി വിസമ്മതിക്കുന്നതും സുരക്ഷാ കാരണങ്ങളുമാണ് നിരോധനത്തിന് പിന്നിലെന്നാണ് റഷ്യൻ സർക്കാർ വ്യക്തമാക്കുന്നത്. വാട്‌സാപ്പിന് പകരമായി ‘മാക്‌സ്’ എന്ന തദ്ദേശീയ ആപ്പിലേക്ക് മാറാൻ റഷ്യൻ ഭരണകൂടം ജനങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ട്.

റഷ്യൻ വിവരവിനിമയ നിയന്ത്രണ ഏജൻസിയായ റോസ്‌കോംനാഡ്‌സർ നേരത്തെ തന്നെ വാട്‌സാപ്പിന് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, വാട്‌സാപ്പിന്റെ ‘എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ’ സുരക്ഷാ ഫീച്ചറുകൾ ഇല്ലാത്ത ‘മാക്‌സ്’ ആപ്പ് ഉപയോഗിക്കുന്നതിലൂടെ ജനങ്ങളുടെ സ്വകാര്യ വിവരങ്ങൾ സർക്കാർ നിരീക്ഷണത്തിലാകുമെന്ന് വിമർശകർ ആരോപിക്കുന്നു. തങ്ങളുടെ ഉപയോക്താക്കളെ സുരക്ഷിതമായ ആശയവിനിമയ മാർഗങ്ങളിൽ നിന്ന് ഒറ്റപ്പെടുത്തുന്നത് റഷ്യൻ ജനതയുടെ സുരക്ഷ കുറയ്ക്കുമെന്നും ഈ നീക്കം പിന്നോട്ടുള്ള പോക്കാണെന്നും മെറ്റ പ്രതികരിച്ചു.

യുക്രൈൻ അധിനിവേശത്തിന് പിന്നാലെ ഇന്റർനെറ്റ് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നതിന്റെ ഭാഗമായി ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, ട്വിറ്റർ എന്നിവ റഷ്യ നേരത്തെ തന്നെ നിരോധിച്ചിരുന്നു. ടെലിഗ്രാം അടക്കമുള്ള ആപ്പുകൾക്കും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. വിദേശ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളെ പൂർണ്ണമായും ഒഴിവാക്കി രാജ്യത്തെ വിവരവിനിമയ സംവിധാനങ്ങൾ സർക്കാർ നിയന്ത്രണത്തിലാക്കാനുള്ള നീക്കത്തിന്റെ അവസാന ഘട്ടമായാണ് വാട്‌സാപ്പ് നിരോധനത്തെ ആഗോള ടെക് ലോകം വീക്ഷിക്കുന്നത്.

administrator

Related Articles