ജിമെയില്‍ സ്റ്റോറേജ് തീര്‍ന്നുപോകുന്നത് ഏറെ പ്രയാസമുണ്ടാക്കുന്ന കാര്യമാണ്. പ്രധാനപ്പെട്ട ഇമെയിലുകള്‍ ഇന്‍ബോക്‌സില്‍ ലഭിക്കാതെ വരുമ്പോഴോ ജിമെയില്‍ സേവനം മന്ദഗതിയിലാകുമ്പോഴോ ആയിരിക്കും പലരും ഇതൊരു പ്രശ്‌നമായി കാണുന്നത്. ഗൂഗിള്‍ അക്കൗണ്ടിന്റെ ബാക്കി ഭാഗങ്ങളുമായി ജിമെയില്‍ അതിന്റെ സ്‌റ്റോറേജ് പങ്കിടുന്നതിനാല്‍ അറ്റാച്ച്‌മെന്റുകള്‍ മുതല്‍ അപ്‌ലോഡ് ചെയ്ത ഫയലുകള്‍ വരെ എല്ലാം സ്ഥല പരിമിധിക്ക് കാരണമാകുന്നു. സ്റ്റോറേജ് നിറഞ്ഞിരിക്കുന്നു എന്ന നിര്‍ദേശം ലഭിക്കുമ്പോഴാണ് അത് മനസിലാകുക. കൂടുതല്‍ സ്‌റ്റോറേജ് സ്‌പേസ് ലഭിക്കാനായി പണം ചെലവഴിക്കാതെ തന്നെ ചില മാര്‍ഗ്ഗങ്ങള്‍ നമുക്ക് മുന്നിലുണ്ട്. ഏതൊക്കെയാണ് ആ മാര്‍ഗങ്ങളെന്ന് നോക്കാം.
1-ഇമെയിലുകള്‍ ഡിലീറ്റ് ചെയ്യുമ്പോള്‍ അവ ട്രാഷ് ഫോള്‍ഡറിലേക്ക് മാറുകയും 30 ദിവസംവരെ അവിടെത്തന്നെ ഉണ്ടാവുകയും ചെയ്യും. 30 ദിവസത്തിന് ശേഷം ഇത് തനിയെ ക്ലിയറാകുമെങ്കിലും അതുവരെ അവ ആകെയുള്ള സ്റ്റോറേജിന്റെ ഭാഗമായി കണക്കാക്കും. സ്പാം ഫോള്‍ഡറുകള്‍ക്കും ഇതേ സാഹചര്യം ബാധകമാണ്. ഈ ഓരോ ഫോള്‍ഡറുകളും ഓപ്പണ്‍ ചെയ്ത് എല്ലാ മെയിലുകളും ഒരുമിച്ച് ഡിലീറ്റ് ചെയ്യാനുള്ള ഓപ്ഷന്‍ തിരഞ്ഞെടുത്താല്‍ സ്റ്റോറേജ് ലാഭിക്കാന്‍ സാധിക്കും.
2- വലിയ ഇമെയിലുകളും അറ്റാച്ച്‌മെന്റുകളും ഡിലീറ്റ് ചെയ്യുക എന്നതാണ് മറ്റൊരു വഴി. സ്റ്റോറേജിന്റെ ഭൂരിഭാഗവും അപഹരിക്കുന്നത് അറ്റാച്ച്‌മെന്റുകളാണ്. ജിമെയിലിന്റെ സ്റ്റോറേജ് കവര്‍ന്നെടുക്കുന്ന വലിയ അറ്റാച്ച്‌മെന്റുകളുള്ള ബള്‍ക്കി സന്ദേങ്ങള്‍ കണ്ടെത്താന്‍ സഹായിക്കുന്ന സെര്‍ച്ച് ഓപ്ഷനുകള്‍ ജിമെയില്‍ നല്‍കുന്നുണ്ട്. അതുവഴി 10 മെഗാബൈറ്റില്‍ കൂടുതലുള്ള അറ്റാച്ച്‌മെന്റുകളുടെ ഇമെയിലുകള്‍ കാണാന്‍ സാധിക്കും. ഇവ ഒരുമിച്ച് ഡിലീറ്റ് ചെയ്യാനോ മറ്റെവിടെയെങ്കിലും ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കാനോ കഴിയും.
3- ഗൂഗിള്‍ വണ്‍ സ്‌റ്റോറേജ് മാനേജര്‍ ഉപയോഗിക്കുക എന്നതും സ്റ്റോറേജ് ലാഭിക്കാനുള്ള ഒരു വഴിയാണ്. ഗൂഗിള്‍ വണ്‍ സ്‌റ്റോറേജ് മാനേജര്‍ ഉപയോഗിച്ച് ഒരു ഗൂഗിള്‍ അക്കൗണ്ടുമായി ലിങ്ക് ചെയ്തിരിക്കുന്ന എല്ലാ സേവനങ്ങളും സ്‌കാന്‍ ചെയ്യുകയും ഏറ്റവും കൂടുതല്‍ സ്ഥലം ഉപയോഗിക്കുന്ന ഫയലുകള്‍ ലിസ്റ്റ് ചെയ്യപ്പെടുകയും ചെയ്യും. വലിയ ഇമെയിലുകള്‍, ഒഴിവാക്കിയ മെയിലുകള്‍, ഡ്രൈവിലെ വലിയ ഫയലുകള്‍, ബാക്ക്അപ് ചെയ്ത ഫോട്ടോകള്‍ അല്ലെങ്കില്‍ വീഡിയോകള്‍ അങ്ങനെ സ്‌റ്റോറേജ് ഉപയോഗത്തെ ഇത് പല വിഭാഗങ്ങളായി വേര്‍തിരിക്കുന്നു. ജിമെയിലിന് പുറത്തുളള ഫയലുകളാണ് സ്ഥലം ഇല്ലാതാക്കുന്നതെങ്കില്‍ ഒരൊറ്റ ഇന്റര്‍ഫേസിലൂടെ വലിയ സൈസുള്ളവ കണ്ടെത്താനും സുരക്ഷിതമായി മാറ്റാനും കഴിയും.

