2030-ഓടെ അമേരിക്കയിലെ തങ്ങളുടെ സംരംഭങ്ങളില്‍ ആറ് ലക്ഷത്തോളം തൊഴിലാളികള്‍ക്ക് പകരം റോബോട്ടുകളെ വിന്യസിക്കാന്‍ ആമസോണ്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. കമ്പനിയുടെ ഓപ്പറേഷനുകളില്‍ ഓട്ടോമേഷന്‍ വര്‍ധിപ്പിക്കാനുള്ള ഈ നീക്കം ആമസോണില്‍ നിന്ന് ചോര്‍ന്ന ആഭ്യന്തര രേഖകളെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് ‘ദി ന്യൂയോര്‍ക്ക് ടൈംസ്’ റിപ്പോര്‍ട്ട് ചെയ്യുന്നു. 2027 ആകുമ്പോഴേക്കും നിയമിക്കേണ്ട 160,000 അമേരിക്കന്‍ ജീവനക്കാരെ ഒഴിവാക്കുന്ന തരത്തില്‍ കമ്പനിയുടെ 75 ശതമാനം പ്രവര്‍ത്തനങ്ങളും ഓട്ടോമേറ്റ് ചെയ്യുന്നതിനായി ആമസോണിന്റെ റോബോട്ടിക്സ് ടീം പ്രവര്‍ത്തിക്കുന്നതായി ആന്തരിക രേഖകള്‍ ഉദ്ദരിച്ച് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ ഓട്ടോമേഷന്‍ വഴി 2025-നും 2027-നും ഇടയില്‍ ഏകദേശം 12.6 ബില്യണ്‍ ഡോളര്‍ ലാഭമുണ്ടാക്കാന്‍ കഴിയുമെന്നാണ് ആമസോണ്‍ കണക്കാക്കുന്നത്. എഐ, ഓട്ടോമേഷന്‍ എന്നീ വാക്കുകള്‍ക്ക് പകരം ‘അഡ്വാന്‍സ്ഡ് ടെക്നോളജി’, ‘കോബോട്ട്’ എന്നീ പദങ്ങളാണ് റോബോട്ടിക്സ് വിന്യാസത്തെ വിശേഷിപ്പിക്കാന്‍ ആമസോണ്‍ ഉപയോഗിക്കുന്നത്. ഓട്ടോമേഷന്‍ മൂലമുണ്ടാകുന്ന വിമര്‍ശനങ്ങളെയും തിരിച്ചടികളേയും നേരിടാനുള്ള മുന്‍കൂര്‍ പദ്ധതികള്‍ ആമസോണിനുണ്ടെന്നും കമ്പനിയുടെ ആന്തരിക രേഖകള്‍ വ്യക്തമാക്കുന്നു. എന്നാല്‍, ന്യൂയോര്‍ക്ക് ടൈംസ് അവകാശപ്പെടുന്ന രേഖകള്‍ അപൂര്‍ണ്ണമാണെന്നാണ് ആമസോണ്‍ വൃത്തങ്ങള്‍ നല്കുന്ന പ്രതികരണം.
Tags:
administrator

