ഓസ്കര് അവാര്‍ഡ് ജേതാവ് റസൂല്‍ പൂക്കുട്ടിയെ ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്സണ്‍ ആയി നിയമിച്ചു. വൈസ് ചെയര്‍മാനായിരുന്ന നടന് പ്രേംകുമാറാണ് സംവിധായകന് രഞ്ജിത് സ്ഥാനമൊഴിഞ്ഞശേഷം ചെയര്‍മാന്റെ ചുമതല വഹിച്ചിരുന്നത്. ഷാജി എന്‍. കരുണിന്റെ മരണത്തെത്തുടര്‍ന്ന് ചലച്ചിത്ര വികസന കോര്പ്പറേഷന് ചെയര്‍മാനായി സംവിധായകന് കെ.മധുവിനെ നിയമിച്ചിരുന്നു.
കുക്കൂ പരമേശ്വരന് ആണ് വൈസ് ചെയര്‍പേഴ്സണ്‍. സി അജോയ് സെക്രട്ടറിയും ആകും. 26 പേര് ഉള്‍പ്പെടുന്നതാണ് ജനറല്‍ കൗണ്‍സില്‍. സന്തോഷ് കീഴാറ്റൂര്‍, നിഖില വിമല്‍, സുധീര്‍ കരമന, സിത്താര കൃഷ്ണകുമാര്‍, മിന്‍ഹജ് മേഡര്‍, ശ്യാം പുഷ്ക്കരന്‍, അമല്‍ നീരദ്, സാജു നവോദയ, പൂജപ്പുര രാധാകൃഷ്ണന്, ശ്രീഗണേഷ് എന്നിവര്‍ ജനറല്‍ കൗണ്‍സില്‍. ആറു പേര് ഉള്‍പ്പെടുന്നതാണ് ഭരണസമിതി. ചെയര്‍പേഴ്സണ്‍, വൈസ് ചെയര്‍പേഴ്സണ്‍, സെക്രട്ടറി, ട്രഷറര്‍ എന്നിവര്‍ക്ക് പുറമേ സോഹന്‍ലാല്‍ എസ്, സന്തോഷ് കീഴാറ്റൂര്‍ എന്നിവരും ഭരണസമിതിയില്‍. മൂന്നുവര്‍ഷമാണ് ഭരണസമിതിയുടെ കാലാവധി.
മികച്ച ശബ്ദമിശ്രണത്തിനുള്ള ഓസ്കാര്‍ പുരസ്കാരവും ബ്രിട്ടീഷ് അക്കാദമി ഓഫ് ഫിലിം ആന്റ് ടെലിവിഷന്‍ ആര്‍ട്ട്സ് (ബാഫ്റ്റ) പുരസ്കാരവും നേടിയ ആളാണ് റസൂല്‍ പൂക്കുട്ടി. കൊല്ലം ജില്ലയിലെ അഞ്ചല്‍, വിളക്കുപാറ സ്വദേശിയാണ് റസൂല്‍. പൂനെയിലെ ഫിലിം ആന്റ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍ നിന്ന് 1995-ലാണ് ഇദ്ദേഹം ബിരുദം നേടിയത്. ഹോളിവുഡ് സിനിമകള്‍ക്കും റസൂല്‍ ശബ്ദമിശ്രണം നിര്‍വ്വഹിച്ചിട്ടുണ്ട്. 2008ലാണ് റസൂല്‍ പൂക്കുട്ടിക്ക് ഓസ്കര് ലഭിക്കുന്നത്.

