കമ്പ്യൂട്ടര്‍ മൗസിന്റെ ഉയര്‍ന്ന സെന്‍സിറ്റീവായ സെന്‍സറുകള്‍ ഉപയോഗിച്ച് ചാരപ്രവര്‍ത്തി നടത്താന്‍ കഴിയുമെന്ന് കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഗവേഷകര്‍ കണ്ടെത്തി എന്നതാണ് ടെക്ക് ലോകത്തെ ഇപ്പോയത്തെ പ്രധാന ചര്‍ച്ചാവിഷയം. ‘മൈക്ക്-ഇ-മൗസ്’ എന്ന് പേരിട്ടിരിക്കുന്ന ഈ പുതിയ ചോര്‍ത്തല്‍ രീതി വഴി കമ്പ്യൂട്ടര്‍ മൗസിനെ സംഭാഷണങ്ങള്‍ കേള്‍ക്കാനും മനസ്സിലാക്കാനും സാധിക്കുന്ന ഒരുതരം സ്പൈ മൈക്രോഫോണായി ഉപയോഗിക്കാന്‍ കഴിയുമെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.
മൗസുകളിലെ അതീവ സെന്‍സിറ്റീവ് സെന്‍സറുകള്‍ക്ക് നേരിയ വൈബ്രേഷനുകള്‍ പോലും തിരിച്ചറിയാന്‍ കഴിയും. പ്രത്യേക സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് ഈ സെന്‍സറുകളെ താത്കാലിക മൈക്രോഫോണുകളായി മാറ്റാനും ഉപയോക്താക്കളെ നിരീക്ഷിച്ച് സംഭാഷണങ്ങള്‍ ചോര്‍ത്താനും സാധിക്കുമെന്ന് ഗവേഷകര്‍ വിശദീകരിക്കുന്നു. ശബ്ദതരംഗങ്ങളുടെ വൈബ്രേഷനുകള്‍ തിരിച്ചറിയാനും റെക്കോര്‍ഡ് ചെയ്യാനും ഈ സെന്‍സറുകള്‍ക്ക് കഴിയും. റെക്കോര്‍ഡ് ചെയ്ത വൈബ്രേഷനുകള്‍ സോഫ്‌റ്റ്വെയര്‍ വഴി ശബ്ദമായി വ്യക്തതയോടെ കേള്‍ക്കാന്‍ സാധിക്കും.
ഈ രീതിയില്‍ വാക്കുകള്‍ തിരിച്ചറിയുന്നതില്‍ 61 ശതമാനം കൃത്യതയാണ് ഗവേഷക സംഘം കണ്ടെത്തിയത്. വാക്കുകള്‍ മനസ്സിലാക്കാന്‍ പ്രയാസമായിരുന്നെങ്കിലും അക്കങ്ങള്‍ വേര്‍തിരിച്ചെടുക്കാന്‍ കഴിഞ്ഞു. റെക്കോര്‍ഡ് ചെയ്ത സിഗ്നലുകള്‍ എഐ സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് ‘ഡി-നോയ്‌സ്’ ചെയ്ത ശേഷവും അക്കങ്ങളും ക്രെഡിറ്റ് കാര്‍ഡ് പോലുള്ള സെന്‍സിറ്റീവ് വിവരങ്ങളും കൃത്യമായി കണ്ടെത്താനായത് വലിയ സുരക്ഷാ ആശങ്കയുണ്ടാക്കുന്നു. അതേസമയം ഈ ഹാക്കിംഗ് രീതിക്ക് ചില പരിമിതികളുണ്ടെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടി.

